കാലിക്കറ്റ് ഹീറോസ് x ഡൽഹി തൂഫാൻസ്; പ്രൈം വോളി ലീഗ് ഫൈനൽ ഇന്ന്
ചെന്നൈ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകീട്ട് 6.30നാണ് മത്സരം
ചെന്നൈ: പ്രൈം വോളി ലീഗ് ഫൈനലിൽ കാലിക്കറ്റ് ഹീറോസ് ഇന്ന് ഡൽഹി തൂഫാൻസിനെ നേരിടും. ചെന്നൈ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകീട്ട് 6.30നാണ് മത്സരം. പ്രഥമകിരീടം ലക്ഷ്യമിട്ടാണ് കാലിക്കറ്റ് ഇറങ്ങുന്നത്.
ലീഗ് റൗണ്ടിലും സൂപ്പർ ഫൈവ്സിലും ഒന്നാമതെത്തിയാണ് കാലിക്കറ്റ് ഫൈനലിന് യോഗ്യത നേടിയത്. കഴിഞ്ഞ രണ്ടു സീസണുകളിലും സെമി ഫൈനലിൽ കാലിടറിയ കാലിക്കറ്റ് ഇത്തവണ തികഞ്ഞ പ്രതീക്ഷയിലാണ് ഫൈനലിനിറങ്ങുന്നത്.
നായകൻ ജെറോം വിനീതും സെറ്റർ മോഹൻ ഉക്രപാണ്ഡ്യനും ചിരാഗ് യാദവും മികച്ച പ്രകടനമാണ് കഴിഞ്ഞ മത്സരങ്ങളിൽ പുറത്തെടുത്തത്. വിദേശ താരങ്ങളായ ഡാനിയൽ മൊയ്ത്തസൈറദിയും ലൂയിസ് പെരോട്ടോയും ഫൈനലിലും ഫോം തുടരുമെന്നാണ് പ്രതീക്ഷ.
എലിമിനേറ്ററിൽ നിലവിലെ ചാമ്പ്യന്മാരായ അഹമ്മദാബാദ് ഡിഫൻഡേഴ്സിനെ 5 സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ കീഴടക്കിയാണ് ഡൽഹി തൂഫാൻസ് ഫൈനലിൽ ഇറങ്ങുന്നത്.
ലീഗ് റൗണ്ടിൽ കാലിക്കറ്റ് ഹീറോസ് ഏകപക്ഷീയമായ മൂന്നു സെറ്റുകൾക്ക് ഡൽഹിയെ മറികടന്നപ്പോൾ, സൂപ്പർ ഫൈവ്സ് പോരാട്ടത്തിൽ ഡൽഹി കാലിക്കറ്റിനെ പരാജയപ്പെടുത്തിയിരുന്നു.