'തിരുമ്പി വന്തിട്ടേന്ന് സൊല്ല്' പഞ്ചാബിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്
പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്.
താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈക്ക് പഞ്ചാബിനോട് ആറ് വിക്കറ്റിന്‍റെ ജയം. പഞ്ചാബ് ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം ചെന്നൈ 15.4 ഓവറിൽ മറികടന്നു. തുടക്കത്തിൽ തന്നെ ഗെയ്ക്വവാദിനെ നഷ്ടപെട്ടുവെങ്കിലും സമ്മർദമില്ലാതെ കളിച്ച ഡുപ്ലെസിസും മൊയീൻ അലിയും ചെന്നൈ അനായാസ ജയത്തിനരികെ എത്തിച്ചു. 46 റൺസുമായി മൊയീൻ അലി മടങ്ങിയെങ്കിലും അപ്പോഴേക്കും ചെന്നൈ വിജയത്തിന് 17 റൺസ് മാത്രം അകലെയായിരുന്നു. പിന്നാലെ വന്ന റെയ്‌ന എട്ടു റണ്‍സുമായും റായ്ഡു റണ്‍സൊന്നും നേടാതെയും ഷമി എറിഞ്ഞ പതിനാലാം ഓവറില്‍ കൂടാരം കയറി. പക്ഷേ അതൊന്നും പഞ്ചാബിന് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത തുറന്നില്ല. സാം കറന്‍ നേടിയ ബൌണ്ടറിയിലൂടെ ചെന്നൈ ഈ സീസണിലെ ആദ്യ വിജയം നേടി. ഡുപ്ലെസിസ് 36 റണ്‍സുമായും സാം കറന്‍ അഞ്ചു റണ്‍സുമായും പുറത്താകാതെ നിന്നു. പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി രണ്ടു വിക്കറ്റ് നേടി.
നേരത്തെ ദീപക് ചഹാറിന്‍റെ അവിസ്മരണീയ സ്‌പെല്ലിൽ തകർന്ന പഞ്ചാബ് കിങ്‌സിന് ഒരു തിരിച്ചുവരവ് നടത്താൻ സാധ്യമായില്ല. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 106 റൺസെടുത്തത്. ഷാറൂഖ് ഖാൻ മാത്രമാണ് പഞ്ചാബിനായി ഭേദപ്പെട്ട ഇന്നിങ്‌സ് കളിച്ചത്. മറ്റാർക്കും ഒന്നും ചെയ്യാനായില്ല എന്നത് പഞ്ചാബിന് തിരിച്ചടിയായി. നാല് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി ചെന്നൈക്ക് വേണ്ടി ദീപക് ചഹാർ നാല് വിക്കറ്റുകൾ വീഴ്ത്തി. മുഈൻ അലി, ഡൈ്വൻ ബ്രാവോ, സാം കറൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. രവീന്ദ്ര ജഡേജയുടെ മിന്നൽ ഫീൽഡിങ്ങും എടുത്ത് പറയേണ്ടതായിരുന്നു.