ചെന്നൈയിൽ ഇനി 'കരുനീക്കം'; ലോക ചെസ്സ് ഒളിംപ്യാഡിന് തുടക്കമായി
ചെസ് മത്സരങ്ങളുടെ മഹാമേള അതിന്റെ ജന്മനാട്ടിൽ എത്തിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒളിംപ്യാഡ് ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു
ചെന്നൈ: ലോക ചെസ്സ് ഒളിംപ്യാഡിന് ചെന്നൈയിൽ തുടക്കമായി. മഹാബലിപ്പുരത്തെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. ഷെർട്ടണിലെ ഫോർ സ്‌ക്വയർ സെന്ററിൽ ഇന്ന് വൈകീട്ട് മൂന്ന് മണി മുതലാണ് മത്സരങ്ങൾ തുടങ്ങുക. പ്രൗഢഗംഭീരമായിരുന്നു ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങുകൾ. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യം മഹാബലിപുരത്തെ ചതുരംഗകളിത്തിലേക്ക് കലാകാരന്മാർ ആവാഹിക്കുകയായിരുന്നു.
രാജ്യത്തെ തന്ത്രപ്രാധന മേഖലകളിൽ പര്യടനം പൂർത്തിയാക്കിയ ദീപശിഖ ഗ്രാന്റ് മാസ്റ്റർ വിശ്വനാഥൻ ആനന്ദിൽ നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഏറ്റുവാങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയുടെ ഗ്രാന്റ് മാസ്റ്റേഴ്‌സും ചേർന്ന് മേളയുടെ ദീപം തെളിയിച്ചു.
ചെസ് മത്സരങ്ങളുടെ മഹാമേള അതിന്റെ ജന്മനാട്ടിൽ എത്തിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒളിംപ്യാഡ് ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു. എല്ലാ കായികമേളകളും ഒരുമയുടെ സന്ദേശമാണ് നൽകുന്നതെന്നും മോദി കൂട്ടിച്ചേർത്തു. സാഹോദര്യത്തിന്റെ ഉത്സവമാണ് ചെസ്സ് ഒളിംപ്യാഡെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു. കേന്ദ്ര സംസ്ഥാന മന്ത്രിമാർ,സിനിമാ താരം രജനികാന്ത് എന്നിവരും ചടങ്ങിനെത്തി.