കോഹ്ലിയും രോഹിതുമല്ല; ലോകകപ്പിൽ ഇന്ത്യയുടെ ഹീറോകൾ ഈ രണ്ട് താരങ്ങളെന്ന് ഗെയിൽ
ഒക്ടോബർ അഞ്ചു മുതൽ നവംബർ 19 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍
ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമങ്ങൾ കഴിഞ്ഞയാഴ്ചയാണ് ഐ.സി.സി പുറത്തു വിട്ടത്. പത്ത് ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റ് ഒക്ടോബർ അഞ്ചിനാണ് ആരംഭിക്കുക. അഹ്മദാബാദിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ 2019 ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസിലാന്‍റും ഏറ്റുമുട്ടും.
വലിയ പ്രതീക്ഷകളുമായാണ് ടീം ഇന്ത്യ ഇക്കുറി ലോകകപ്പിനെത്തുന്നത്. സ്വന്തം മണ്ണിൽ നടക്കുന്ന ലോകകപ്പിൽ ചരിത്രം കുറിക്കാനാവുമെന്ന പ്രതീക്ഷയിലാണ് രോഹിത് ശർമയും സംഘവും . 2011 ലോകകപ്പിന് ശേഷം ഒരു ലോകകിരീടത്തിൽ മുത്തമിടാനായിട്ടില്ലെന്ന നാണക്കേടും മാറ്റാനുണ്ട്. ഇപ്പോഴിതാ ടൂർണമെന്റിനെക്കുറിച്ച തന്റെ പ്രതീക്ഷകൾ പങ്കുവക്കുകയാണ് വിൻഡീസ് ഇതിഹാസം ക്രിസ് ഗെയിൽ. സെമിയിൽ പ്രവേശിക്കാൻ സാധ്യതയുള്ള നാല് ടീമുകളെക്കുറിച്ചും ഇന്ത്യൻ ടീമിൽ നിർണായക സാന്നിധ്യമാകാൻ പോകുന്ന താരങ്ങളെ കുറിച്ചും ഗെയിൽ മനസ്സു തുറന്നു
''ടൂർണമെന്റിലെ ഫേവറേറ്റുകൾ ആരാണെന്ന് എനിക്കറിയില്ല. എന്നാൽ സെമിയിൽ പ്രവേശിക്കാൻ ഏറെ സാധ്യതയുള്ള നാല് ടീമുകളെ കുറിച്ച് എനിക്ക് പറയാനാവും. ഇന്ത്യ, പാകിസ്താൻ, ഇംഗ്ലണ്ട്, ആസ്‌ത്രേലിയ എന്നീ ടീമുകൾ സെമിയിൽ പ്രവേശിക്കും എന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യ മികച്ച ടീമാണ്. ജസ്പ്രീത് ബുംറ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. സൂര്യ കുമാർ യാദവിന്റെ പ്രകടനം ഏറെ നിർണായകമാവും''- ഗെയിൽ പറഞ്ഞു.
ഒക്ടോബർ അഞ്ചു മുതൽ നവംബർ 19 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍. ഒക്ടോബർ എട്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. കരുത്തരായ ആസ്‌ട്രേലിയയാണ് എതിരാളികൾ. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം. ഒക്ടോബർ 15ന് അഹമ്മദാബാദ് സ്‌റ്റേഡിയത്തിലാണ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ-പാക് പോരാട്ടം.
ഇന്ത്യയുടെ മത്സരങ്ങൾ ഇപ്രകാരം
ഒക്ടോബർ 8 - ഇന്ത്യ-ആസ്‌ട്രേലിയ, ചെന്നൈ
ഒക്ടോബർ 11 - ഇന്ത്യ - അഫ്ഗാനിസ്താൻ, ഡൽഹി
ഒക്ടോബർ 15 - ഇന്ത്യ - പാകിസ്താൻ, അഹമ്മദാബാദ്
ഒക്ടോബർ 19 - ഇന്ത്യ - ബംഗ്ലാദേശ്, പൂനെ
ഒക്ടോബർ 22- ഇന്ത്യ - ന്യൂസിലാൻഡ്, ധരംശാല
ഒക്ടോബർ 29- ഇന്ത്യ - ഇംഗ്ലണ്ട്, ലഖ്‌നൗ
നവംബർ 2- ഇന്ത്യ - ക്വാളിഫയർ 2, മുംബൈ
നവംബർ 5- ഇന്ത്യ - ദക്ഷിണാഫ്രിക്ക, കൊൽക്കത്ത
നവംബർ 11- ഇന്ത്യ - ക്വാളിഫയർ 1, ബംഗളൂരു