2024 കോപ്പ അമേരിക്ക; യു.എസ് വേദിയാവും

ഇത് രണ്ടാം തവണയാണ് ലാറ്റിനമേരിക്കയിലെ കരുത്തരെ കണ്ടെത്താനുള്ള കോപ്പ അമേരിക്ക ടൂര്‍ണമെന്‍റിന് യു.എസ് വേദിയാകുന്നത്

Update: 2023-01-28 02:29 GMT

കോപ്പ ജേതാക്കളായ ശേഷം അര്‍ജന്‍റീനയുടെ വിജയാഘോഷം

Advertising

2024ലെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്‍റിന് അമേരിക്ക വേദിയാവും. ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷനും വടക്കേ അമേരിക്കൻ ഫുട്ബോള്‍ ഫെഡറേഷനും സംയുക്തമായാണ് വേദി പ്രഖ്യാപിച്ചത്. ഇരു വൻകരകളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് അമേരിക്കയെ വേദിയായി തെരഞ്ഞെടുത്തത്. അ‍ര്‍ജന്‍റീന, ബ്രസീല്‍, യുറുഗ്വായ് അടക്കമുള്ള ലാറ്റിനമേരിക്കയില്‍ നിന്ന് യോഗ്യത നേടുന്ന പത്തു ടീമുകളും കോൺകാഫ് മേഖലയിൽ നിന്ന് ആറ് രാജ്യങ്ങളും ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവും. നാല് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുക. ലോക ചാമ്പ്യന്മാരായ അ‍ര്‍ജന്‍റീനയാണ് നിലവിലെ കോപ്പാ ചാമ്പ്യന്മാര്‍.

ഇത് രണ്ടാം തവണയാണ് ലാറ്റിനമേരിക്കയിലെ കരുത്തരെ കണ്ടെത്താനുള്ള കോപ്പ അമേരിക്ക ടൂര്‍ണമെന്‍റിന് യു.എസ് വേദിയാകുന്നത്. 2016ലാണ് ആദ്യമായി അമേരിക്ക കോപ്പ അമേരിക്ക ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് പുറമേ കോൺകാഫ് മേഖലയിൽ നിന്ന് ആറ് രാജ്യങ്ങള്‍ അന്നും ടൂര്‍ണമെന്‍റില്‍ പങ്കെടുത്തിരുന്നു. 

28 വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് കോപ്പയില്‍ മുത്തമിട്ട അര്‍ജന്‍റീന 

കിരീടമില്ലാത്ത 28 വര്‍ഷങ്ങള്‍ക്ക് അറുതി വരുത്തിയാണ് മാരക്കാനയില്‍ അര്‍ജന്‍റീന കോപ്പയില്‍ മുത്തമിട്ടത്. ഒരു ഗോളിന് നിലവിലെ കോപ്പ ജേതാക്കളായ ബ്രസീലിനെത്തന്നെ കീഴടക്കിയായിരുന്നു അര്‍ജന്‍റീനയുടെ കിരീടനേട്ടം. അങ്ങനെ വെള്ളയും നീലയും ജഴ്സിയില്‍ മിശിഹയും കൂട്ടരും ലാറ്റിനമേരിക്കയുടെ കരുത്തരാരെന്ന ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ട് ബ്രസീലില്‍ നിന്ന് മടങ്ങി. 

കോവിഡ് ഇരകൾക്കു വേണ്ടി ഒരു മിനിറ്റ് മൗനം ആചരിച്ചാണ് മാരക്കാനയില്‍ ഫൈനല്‍ മത്സരത്തിന് ആദ്യ വിസില്‍ മുഴങ്ങിയത്. ഫുട്‌ബോള്‍ ലോകം കാത്തിരുന്ന സ്വപ്ന ഫൈനലിന്‍റെ ആദ്യ പകുതി പിന്നിടുമ്പോള്‍ തന്നെ കളിയുടെ ആധിപത്യം അര്‍ജന്‍‌റീന കൈയ്യടക്കിയിരുന്നു. മത്സരത്തിന്‍റെ 22ാം മിനുട്ടിലാണ് ബ്രസീലിന്‍റെ ഹൃദയം തകര്‍ത്ത് അര്‍ജന്‍റീയുടെ ഒരേയൊരു ഗോള്‍ വരുന്നത്. റോഡ്രിഗോ ഡി പോൾ സ്വന്തം ഹാഫിൽ നിന്ന് നൽകിയ നീളൻ പാസ് ഡിഫൻഡർ റെനാൻ ലോദിയെ മറികടന്ന് മരിയയുടെ കാലുകളിൽ... മരിയയുടെ ചിപ്പ് ബ്രസീല്‍ ഗോളിയെ മറികടന്ന് ഗോള്‍പോസ്റ്റിലേക്കും.

രണ്ടാം പകുതിയില്‍ ഇരു ടീമുകളും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ബാറിന് കീഴെ മിന്നും പ്രകടനവുമായി അര്‍ജന്‍റീനിയന്‍ ഗോള്‍കീപ്പര്‍ എമിലിയോ മാര്‍ട്ടിനസ് വല കാത്തപ്പോള്‍ ബ്രസീലിന്‍റെ മുന്നേറ്റങ്ങളെല്ലാം പാഴായി. 2007ഇല്‍ അര്‍ജന്‍റീനയുടെ കണ്ണീര്‍ വീണ കോപ്പ അമേരിക്ക ഫൈനലിനിപ്പുറം ബ്രസീലും അര്‍ജന്‍റീനയും തമ്മിലുള്ള ആദ്യ കലാശപ്പോരാട്ടമായിരുന്നു. പിന്നീട് ഇരുവരും നേര്‍ക്ക് നേര്‍ വന്ന നോക്കൌട്ട് പോരാട്ടം 2019 കോപ്പ സെമി ഫൈനലായിരുന്നു. അന്നും വിജയം കാനറിപ്പടക്കൊപ്പമായിരുന്നു.

ആകെയുള്ള കോപ്പ വിജയങ്ങളുടെ പട്ടികയിലും അര്‍ജന്‍റീനയാണ് മുന്നില്‍. 15 തവണ അര്‍ജന്‍റീന കിരീടം നേടിയപ്പോള്‍ ബ്രസീലിന് കപ്പടിക്കാന്‍ കഴിഞ്ഞത് ഒന്‍പത് തവണയാണ്. കോപ്പയിലെ ഏറ്റവുമധികം കിരീടനേട്ടങ്ങളുള്ള ടീമെന്ന നേട്ടവും കഴിഞ്ഞ കോപ്പാ വിജയത്തോടെ അര്‍ജന്‍റീനക്ക് സ്വന്തമായി. ഉറുഗ്വായ്ക്കൊപ്പമാണ് അര്‍ജന്‍റീന റെക്കോര്‍ഡ് പങ്കുവെക്കുന്നത്.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News