ദക്ഷിണാഫ്രിക്കൻ ടീമിൽ ഒരു കറുത്ത വർഗക്കാരൻ മാത്രം; രൂക്ഷവിമര്‍ശനം

'നമ്മുടെ രാജ്യം പല നേട്ടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. പക്ഷെ ക്രിക്കറ്റിന്റെ കാര്യത്തിൽ നമ്മളിപ്പോഴും പിറകിലേക്കാണ് സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്'

Update: 2024-05-15 14:33 GMT
Advertising

ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ ചൊല്ലി വിവാദം. അടുത്തിടെ പ്രഖ്യാപിച്ച ടീമിൽ  ഒരേ ഒരു കറുത്ത വർഗക്കാരൻ മാത്രമേയുള്ളൂ എന്നതാണ് രാജ്യത്തെ രാഷ്ട്രീയ നേതാക്കളേയടക്കം ചൊടിപ്പിച്ചത്. ഇക്കുറി പേസ് ബോളർ കഗിസോ റബാഡ മാത്രമാണ് കറുത്ത വർഗക്കാരനായി ടീമിലുള്ളത്. ക്രിക്കറ്റ് സൗത്ത് ആഫ്രിക്കക്കെതിരെ രൂക്ഷവിമർശനവുമായി മുൻ  കായിക മന്ത്രി ഫികിലെ എംബലൂല രംഗത്തെത്തി.

'ടി20 ലോകകപ്പിനുള്ള ടീമിൽ വെറും ഒരേ ഒരേ കറുത്ത വർഗക്കാരൻ മാത്രം. നിരന്തരമായ പരിവർത്തനങ്ങളിലൂടെ നമ്മൾ നേടിയെടുത്ത അവകാശങ്ങളുടെ വിപരീതമാണിവിടെ സംഭവിക്കുന്നത്. ദേശീയ ടീമിൽ രാജ്യത്തെ എല്ലാ വിഭാഗക്കാരുടേയും പ്രാതിനിധ്യം  പ്രതിഫലിക്കുന്നില്ല'- എംബലുല പറഞ്ഞു.

 മുൻ ഐ.സി.സി പ്രസിഡന്റായിരുന്ന റായ് മാലിയും നടപടിയില്‍ രൂക്ഷവിമർശനമാണുയര്‍ത്തിയത്.

'നമ്മുടെ രാജ്യം പല നേട്ടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. പക്ഷെ ക്രിക്കറ്റിന്റെ കാര്യത്തിൽ നമ്മളിപ്പോഴും പിറകിലേക്കാണ് സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. ഈ കാലത്തും നമ്മുടെ ടീമിൽ അധികം കറുത്ത വർഗക്കാരെ ഉൾപ്പെടുത്താത്തത് എന്ത് കൊണ്ടാണ് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. രാജ്യത്തെ ഐക്യം ആവശ്യപ്പെടുന്ന മനുഷ്യരെ നിങ്ങള്‍ ചതിക്കുകയാണ്. കളിക്കാർക്ക് അവരുടെ തുടക്ക കാലം മുതൽക്ക് തന്നെ കൃത്യമായി നിർദേശങ്ങളും കോച്ചിങും കിട്ടി വളർന്നാൽ  ടീമിൽ ഇടംപിടിക്കാനാവും. എന്നാൽ ആരൊക്കെ ടീമിൽ ഇടംപിടിക്കണമെന്ന് നിങ്ങൾ  നേരത്തേ തന്നെ തീരുമാനിച്ചുറപ്പിച്ച് കഴിഞ്ഞതാണല്ലോ'- മാലി പറഞ്ഞു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News