വിരാട് കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട് 13 വര്‍ഷങ്ങള്‍
ലോകത്ത് നിലവിലുള്ള ഏത് ബാറ്റിങ് റെക്കോർഡുകളും തകര്‍ക്കാന്‍ കെൽപ്പുള്ള താരമാണ് വിരാട് കോലിയെന്നാണ് ക്രിക്കറ്റ് ലോകം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത്. 32 വയസുകാരനായ കോലിക്ക് ഇനിയും ആവനാഴിയിൽ അസ്ത്രങ്ങൾ ബാക്കിയാണ്. നമ്മുക്ക് കാത്തിരിക്കാം ക്രിക്കറ്റിൽ അദ്ദേഹത്തിന് മാത്രം സാധിക്കുന്ന പുതിയ റെക്കോർഡുകളുടെ വാർത്തയ്ക്കായി.
13 വർഷം മുമ്പ് ഇതുപോലൊരു ഓഗസ്റ്റ് 18 നാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ വഴിത്തിരിവുമായി ഒരാൾ ഇന്ത്യയുടെ നീലക്കുപ്പായത്തിൽ ബാറ്റുമെടുത്ത് ഗ്രൗണ്ടിലേക്കിറങ്ങിയത്.
അന്നേ പലരും മനസിൽ കുറിച്ചിരുന്നു നാളെ ഇന്ത്യൻ ടീമിന്റെ ഭാഗധേയം നിർണയിക്കുക ആ 20 വയസുകാരനായിരിക്കുമെന്ന്. നിലവിൽ ഇന്ത്യൻ നായകനായ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിലൊരാളായ വിരാട് കോലി 2008 ഓഗസ്റ്റ് 18 നാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത്. ശ്രീലങ്കയ്‌ക്കെതിരേയുള്ള ഏകദിനത്തിലായിരുന്നു കോലിയുടെ അരങ്ങേറ്റം. അന്ന് സാക്ഷാൽ മഹേന്ദ്ര സിങ് ധോണി നയിക്കുന ഇന്ത്യയ്ക്ക് വേണ്ടി ഗംഭീറിനൊപ്പം ഇന്ത്യൻ ഇന്നിങ്‌സ് ഓപ്പൺ ചെയ്തത് കോലിയായിരുന്നു. ശ്രീലങ്കയിലെ ദാംബുല്ല സ്റ്റേഡിയത്തിലായിരുന്നു ആ മത്സരം നടന്നത്.
പീന്നീട് ആരാധകരുടെ റൺ മെഷീനായി മാറിയ കോലിക്ക് പക്ഷേ ആദ്യ മത്സരം അത്ര സുഖമുള്ളതായിരുന്നില്ല. 22 പന്ത് ഫേസ് ചെയ്ത കോലി 33 മിനിറ്റ് ക്രീസീൽ നിന്ന് നേടിയത് വെറും 12 റൺസ് മാത്രമായിരുന്നു. മത്സരത്തിന്റെ എട്ടാം ഓവറിൽ നുവാൻ കുലശേഖരയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയായിരുന്നു കോലി മടങ്ങിയത്. ആ മത്സരത്തിൽ ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞു. 146 റൺസിന് എല്ലാവരും പുറത്തായി. 91 പന്ത് ബാക്കി നിൽക്കേ ഇന്ത്യയുടെ സ്‌കോർ മറികടന്ന ശ്രീലങ്കയുടെ വിജയം എട്ട് വിക്കറ്റിനായിരുന്നു.
പരമ്പരയിലെ 5 മത്സരങ്ങളിലും ഇന്ത്യയ്ക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പൺ ചെയ്ത കോലി നാലാം മത്സരത്തിലെ അർധ സെഞ്ച്വറി നേടിക്കൊണ്ട് തന്റെ വരവറിയിച്ചുകൊണ്ട് തന്നെയാണ് ശ്രീലങ്കയിൽ നിന്ന് വിമാനം കയറിയത്.
പക്ഷേ പിന്നീട് ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടാൻ കോലി 14 മത്സരങ്ങൾ കാത്തിരിക്കേണ്ടി വന്നു 2009 ൽ കൊൽക്കത്തയിൽ വച്ച് ശ്രീലങ്കയ്ക്ക് എതിരേ തന്നെയായിരുന്നു കോലിയുടെ ആദ്യ സെഞ്ച്വറി. പിന്നീട് സെഞ്ച്വറികളുടെ ഘോഷയാത്രയായിരുന്നു 43 സെഞ്ച്വറികളാണ് ഏകദിനത്തിൽ 13 വർഷം കൊണ്ട് കോലി സ്വന്തം പേരിൽ എഴുതിച്ചേർത്തത്. മുമ്പിൽ 51 സെഞ്ച്വറികളുമായി സച്ചിൻ ടെൻഡുൽക്കർ മാത്രം. 2012 ൽ ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരേ നേടിയ 183 റൺസാണ് വിരാടിന്റെ ഏകദിനത്തിലെ ഉയർന്ന സ്‌കോർ.
254 ഏകദിനങ്ങൾ കളിച്ച കോലിക്ക് 59.07 ശരാശരിയിൽ 12,169 റൺസാണ് ഇതുവരെ നേടാനായത്. 93.17 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. 2008 ൽ ഏകദിനത്തിൽ അരങ്ങേറിയെങ്കിലും 2011ൽ മാത്രമാണ് കോലിക്ക് ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് കളിക്കാനായത്. വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ടെസ്റ്റ്. 94 ടെസ്റ്റിൽ നിന്ന് 51.41 ശരാശരിയിൽ 7609 റൺസാണ് വിരാട് ഇതുവരെ നേടിയത്. 27 സെഞ്ച്വറികളും വെള്ളക്കുപ്പായത്തിൽ കോലി സ്വന്തം പേരിലെഴുതി.
ട്വന്റി-20യിൽ 90 മത്സരങ്ങളിൽ നിന്നായി 3159 റൺസ് നേടിയ കോലിക്ക് 52.65 ശരാശരിയുമുണ്ട്.
2014-15 ൽ ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പരമ്പരയ്ക്ക് ഇടയിൽ ധോണി അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതോടു കൂടിയാണ് കോലി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനായത്. 2017 ൽ എല്ലാ ഫോർമാറ്റിലും കോലി ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖമായി മാറി.
ലോകത്ത് നിലവിലുള്ള ഏത് ബാറ്റിങ് റെക്കോർഡുകളും തകര്‍ക്കാന്‍ കെൽപ്പുള്ള താരമാണ് വിരാട് കോലിയെന്നാണ് ക്രിക്കറ്റ് ലോകം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത്. 32 വയസുകാരനായ കോലിക്ക് ഇനിയും ആവനാഴിയിൽ അസ്ത്രങ്ങൾ ബാക്കിയാണ്. നമ്മുക്ക് കാത്തിരിക്കാം ക്രിക്കറ്റിൽ അദ്ദേഹത്തിന് മാത്രം സാധിക്കുന്ന പുതിയ റെക്കോർഡുകളുടെ വാർത്തയ്ക്കായി.