ഇന്‍സ്റ്റാഗ്രാമില്‍ 150 മില്യണ്‍ ഫോളോവേഴ്സ്; ക്രിക്കറ്റ് താരങ്ങളില്‍ 'കിങ്' ആയി കോഹ്‍ലി!
അക്ഷയ് കുമാര്‍, രണ്‍വീര്‍ സിങ് എന്നിവരെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റി എന്ന നേട്ടവും വിരാട് അടുത്തിടെ സ്വന്തമാക്കിയിരുന്നു
ഇന്‍സ്റ്റഗ്രാമില്‍ 150 മില്യണ്‍ ഫോളോവേഴ്‌സ് ലഭിക്കുന്ന ആദ്യ ഏഷ്യക്കാരനായി വിരാട് കോഹ്‍ലി. കൂടുതല്‍ ഫോളോവേഴ്‌സുള്ള കായിക താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യന്‍ നായകന്‍റെ സ്ഥാനം. ഫുട്ബോള്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസി, നെയ്മര്‍ എന്നിവരാണ് കോഹ്‍ലിക്ക് മുന്നിലുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ 75 മില്യണ്‍ ഫോളോവേഴ്‌സിനെ ലഭിക്കുന്ന ആദ്യ ഏഷ്യക്കാരനും കോഹ്‍ലി തന്നെയായിരുന്നു.
ഇന്‍സ്റ്റാഗ്രാമില്‍ മാത്രമല്ല, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും കോഹ്‍ലിക്ക് വലിയ ഫാന്‍ ഫോളോവിങ്ങുണ്ട്. 43.4 മില്യണ്‍ പേര്‍ ട്വിറ്ററിലും 48 മില്യണ്‍ ആളുകള്‍ ഫേസ്‌ബുക്കിലും താരത്തെ പിന്തുടരുന്നു.
അക്ഷയ് കുമാര്‍, രണ്‍വീര്‍ സിങ് എന്നിവരെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റി എന്ന നേട്ടവും വിരാട് അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമിലെ ഓരോ സ്‌പോണ്‍സേഡ് പോസ്റ്റിനും കോഹ്‍ലി അഞ്ച് കോടി ഈടാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.