യോയോ ടെസ്റ്റിൽ 17 മാർക്ക്: ഫിറ്റ്‌നസ് വീണ്ടെടുത്ത് ഹാർദിക് പാണ്ഡ്യ
പരിശോധനയ്ക്ക് വിധേയനാകാനുള്ള സെലക്ടർമാരുടെയും ക്രിക്കറ്റ് അക്കാദമി അധികൃതരുടെയും മുൻ നിർദേശങ്ങൾ ഹർദിക് പാണ്ഡ്യ തള്ളിക്കളഞ്ഞിരുന്നു.
ഐ.പി.എൽ മത്സരങ്ങൾക്ക് മുന്നോടിയായി ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റന്‍ ഹർദിക് പാണ്ഡ്യ കായിക ക്ഷമത പരിശോധനയിൽ വിജയിച്ചു. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടന്ന യോയോ ടെസ്റ്റിൽ 17 മാർക്കാണ് പാണ്ഡ്യ നേടിയത്. പരിശോധനയ്ക്ക് വിധേയനാകാനുള്ള സെലക്ടർമാരുടെയും ക്രിക്കറ്റ് അക്കാദമി അധികൃതരുടെയും മുൻ നിർദേശങ്ങൾ ഹർദിക് പാണ്ഡ്യ തള്ളിക്കളഞ്ഞിരുന്നു.
ഹർദികിന് നിലവിൽ പന്ത് എറിയാൻ പ്രശ്നങ്ങളില്ലെന്ന് നാഷണൽ ക്രിക്കറ്റ് അക്കാദമി ഡയറക്ടർ വിവിഎസ് ലക്ഷ്മൺ പറഞ്ഞു. ഇതോടെ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ ഹർദിക് നയിക്കുമെന്നുറപ്പായി. ഇതേസമയം ഡൽഹി ക്യാപിറ്റൽസ് താരം പൃഥ്വി ഷാ യോ യോ ടെസ്റ്റിൽ പരാജയപ്പെട്ടു. 16.5 പോയിന്‍റാണ് ടെസ്റ്റ് ജയിക്കാൻ വേണ്ടത്. പൃഥ്വിക്ക് 15 പോയിന്‍റേ കിട്ടിയുള്ളൂ. എങ്കിലും ഐപിഎല്ലിൽ കളിക്കാൻ പൃഥ്വിക്ക് തടസമുണ്ടാവില്ല.
ഹര്‍ദിക് പാണ്ഡ്യ മാത്രമല്ല, അടുത്ത ടി20 ലോകകപ്പിന് മുമ്പ് മികച്ച ടീമിനെ ഒരുക്കുന്നതിന്‍റെ ഭാഗമായി നിരവധി താരങ്ങളെ എന്‍സിഎയിലേക്ക് വിളിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ക്യാംപിലുണ്ടായിരുന്നു. ഐപിഎല്ലിന് മുമ്പ് താരങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പിക്കുകയാണ് ബിസിസിഐയുടെ പദ്ധതി.
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് 15 കോടി രൂപ മുടക്കിയാണ് ഹര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കിയത്. മെഗാതാരലേലത്തിന് മുമ്പ് ഹര്‍ദിക്കിനെ ക്യാപ്റ്റനായി ഫ്രാഞ്ചൈസി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ സീസണുകളില്‍ മുംബൈ ഇന്ത്യന്‍സില്‍ നിര്‍ണായക താരമായിരുന്നെങ്കിലും ക്യാപ്റ്റന്‍സി പരിചയം ഹര്‍ദിക്കിനില്ല.