ഗില്ലും ധവാനും നിറഞ്ഞാടി; സിംബാബ്വെയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് പത്തുവിക്കറ്റ് വിജയം
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ട് സിംബാബ്‌വെ ഓപ്പണർമാരെയും ദീപക് ചഹർ സഞ്ജു സാംസണിന്റെ കൈകളിലെത്തിക്കുകയായിരുന്നു
ഹരാരെ: സിംബാബ്വെയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് പത്തു വിക്കറ്റ് വിജയം. അർധശതകവുമായി ഓപ്പണർമാരായ ശിഖർ ധവാനും ശുഭ്മാൻ ഗില്ലും നിറഞ്ഞാടിയതോടെയാണ് ടീം ഇന്ത്യ അനായാസ ജയം നേടിയത്. ധവാൻ 113 പന്തിൽ 81 റൺസും ഗിൽ 72 പന്തിൽ 82 റൺസുമാണ് നേടിയത്. 30.5 ഓവറിൽ ഇന്ത്യ 192 റൺസ് കണ്ടെത്തി. മത്സരത്തിലെ പ്രകടനത്തിലൂടെ ഏകദിനത്തിൽ 6500 റൺസെന്ന നാഴികക്കല്ല് ധവാൻ പിന്നിട്ടു.
ആദ്യ ബാറ്റ് ചെയ്ത സിംബാബ്‌വെ 40.3 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് നേടിയിരുന്നത്. ടോസ് നേടിയ ഇന്ത്യൻ നായകൻ കെഎൽ രാഹുൽ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നു വിക്കറ്റ് വീതം നേടിയ ദീപക് ചഹർ, പ്രസിദ്ധ് കൃഷ്ണ, അക്‌സർ പട്ടേൽ എന്നിവരാണ് സിംബാബ്‌വെയുടെ നടുവൊടിച്ചത്. മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് നേടിയപ്പോൾ സ്പിന്നർ കുൽദീപ് യാദവിന് വിക്കറ്റൊന്നും വീഴ്ത്താനായില്ല. പത്ത് ഓവറാണ് താരം എറിഞ്ഞത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ട് സിംബാബ്‌വെ ഓപ്പണർമാരെയും ദീപക് ചഹർ സഞ്ജു സാംസണിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഇന്നസൻറ് കൈയ നാലും തടിവനാഷെ മരുമണി എട്ടും റൺസ് മാത്രമാണ് കണ്ടെത്തിയത്. പിന്നീട് വന്ന വെസ്‌ലി മധ്‌വരെ (5), സിയാൻ വില്യംസ്(1), സിക്കന്ധർ റാസ(12) എന്നിവരും അധികം പൊരുതാൻ നിൽക്കാതെ മടങ്ങി. മധ്‌വരെയെ ചഹർ എൽ.ബി.ഡബ്ല്യുവിൽ കുരുക്കിയപ്പോൾ വില്യംസിനെ സിറാജ് ധവാന്റെ കൈകളിലെത്തിച്ചു. റസയെ പ്രസിദ്ധ് കൃഷ്ണയാണ് ധവാന് ഇരയായി നൽകിയത്. പിന്നീട് വന്ന ക്യാപ്റ്റൻ വിക്കറ്റ് കീപ്പർ റെജീസ് ചാകബാവയാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോററായത്. 51 പന്തിൽ 35 റൺസാണ് താരം നേടിയത്. ക്യാപ്റ്റനെ അക്‌സർ ബൗൾഡാക്കുകയായിരുന്നു.
ബ്രാഡ് എവാൻസ് (33), റിച്ചാർഡ് എൻഗ്രാവാ(34) എന്നിവരും ടീം സ്‌കോറിലേക്ക് സംഭാവന നൽകി. എവാൻസ് പുറത്താകാതെ നിന്നപ്പോൾ റിച്ചാർഡിനെ പ്രസിദ്ധ് ബൗൾഡാക്കി. റയാനെയും(11) താരം തന്നെ തിരിച്ചയച്ചു. ഗില്ലിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ലൂകെ ജോംഗ്‌വെയെ (13) അക്‌സർ എൽ.ബി.ഡബ്ല്യുവിൽ കുരുക്കിയപ്പോൾ, വിക്ടർ ന്യായുച്ചിയെ (8) ഗില്ലിന്റെ കൈകളിലെത്തിച്ചു.
മലയാളി താരം സഞ്ജു വി സാംസൺ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. കെഎൽ രാഹുലിനു പുറമേ, ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, അക്സർ പട്ടേൽ, ദീപക് ചഹാർ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവരാണ് ആദ്യ ഇലവനിൽ ഇടംപിടിച്ചത്.
ആറു വർഷത്തിന് ശേഷമാണ് സിംബാബ്വേയിൽ ഇന്ത്യ ഏകദിന പരമ്പര കളിക്കുന്നത്. മൂന്ന് മത്സരങ്ങളാണുള്ളത്. രോഹിതിന്റെ അഭാവത്തിലാണ് കെ.എൽ രാഹുൽ വീണ്ടും ടീം ഇന്ത്യയുടെ നായകനായത്. പരിക്കുമൂലം ഐപിഎല്ലിന് ശേഷമുള്ള മത്സരങ്ങൾ രാഹുലിന് നഷ്ടമായിരുന്നു. ശിഖർ ധവാനായിരുന്നു ഉപനായകൻ. ദ്രാവിഡിന് പകരം താൽകാലിക പരിശീലകനായി വി.വി.എസ് ലക്ഷ്മണും എത്തി