മത്സരത്തിനിടെ ഗ്രൗണ്ടിലെത്തി കോഹ്‌ലിയെ കെട്ടിപ്പിടിച്ചയാൾക്ക് സ്വീകരണം
ഗ്രൗണ്ടിൽ നിന്ന് പിടികൂടിയതിന് പിന്നാലെ ആരാധകനെ പൊലീസിന് കൈമാറിയിരുന്നു
ഇൻഡോർ: ആരാധകരാണ് ഇന്ത്യൻ ക്രിക്കറ്റിന്റെയും കളിക്കാരുടെയും ശക്തി. കളിക്കളത്തിലായാലും പരിശീലന വേളയിലുമൊക്കെയും ഈ ആരാധകർ ഇന്ത്യൻ കളിക്കാരുടെ അടുത്ത് എത്തും. മുന്‍ നായകന്‍ എം.എസ് ധോണിയും ഇപ്പോഴിതാ വിരാട് കോഹ്‌ലിയുമൊക്കെ ഈ ആരാധക 'ശല്യം' മനസിലാക്കിയവരാണ്.
മധ്യപ്രദേശിലെ ഇൻഡോറിൽ അഫ്ഗാനിസ്താനെതിരായ രണ്ടാം ടി20യിൽ കോഹ്‌ലിയുടെ അടുത്തക്കൊരു ആരാധകൻ എത്തിയിരുന്നു. ബൗണ്ടറി ലൈനിനരികിൽ നിൽക്കുകയായിരുന്ന കോഹ്‌ലിയുടെ അടുത്തേക്ക് എത്തി താരത്തെ കെട്ടിപ്പിടിക്കുകയും ചെയ്തു. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടിച്ചുമാറ്റി. ഒന്നും ചെയ്യേണ്ടെന്ന രീതിയിൽ കോഹ്‌ലി സുരക്ഷാ ഉദ്യോഗസ്ഥരോട് ആംഗ്യം കാണിക്കുന്നുമുണ്ട്.
പിന്നീട് പൊലീസിന് കൈമാറുകയും ചെയ്തു. ഇപ്പോഴിതാ ഇയാളെ പൂമാലയിട്ട് സ്വീകരിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് പൂമാലയിടുന്നതെന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. വിശദമായി ചോദ്യം ചെയ്തിരുന്നുവെന്നും കടുത്ത കോഹ്‌ലിയാരാധകനാണ് ഇയാളെന്നുമാണ് മനസിലായതെന്നും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.
എന്നാലും തുടർനടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി വിട്ടയച്ചിരുന്നു. പിന്നാലെയാണ് എല്ലാവരെയും ഞെട്ടിച്ച് ആരാധകന് സ്വീകരണം ലഭിക്കുന്നത്. ഇദ്ദേഹത്തിന്റെ പേര് വിവരങ്ങൾ വ്യക്തമല്ല.