'എട്ട് കോടിക്കാ വാങ്ങിയത് ഉത്തരവാദിത്തം കാണിക്കണം': നിതീഷ് റാണക്കെതിരെ തുറന്നടിച്ച് ആകാശ് ചോപ്ര
കൊൽക്കത്തയുടെ നാല് മത്സരങ്ങളിൽ നിന്ന് 39 റൺസ് മാത്രമെ റാണക്ക് നേടാനായുള്ളൂ. 21,10,0,8 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ മാല് മത്സരങ്ങളിലെ റാണയുടെ സമ്പാദ്യം.
കൊല്‍ക്കത്ത: മോശം ഫോം തുടരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം നിതീഷ് റാണക്കെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. ഐ.പി.എൽ മെഗാ ലേലത്തിൽ എട്ട് കോടിക്കാണ് സ്വന്തമാക്കിയതെന്ന് ഓർമ വേണമെന്നും അതിന്റെ ഉത്തരവാദിത്തം റാണ കാണിക്കണമെന്നും ആകാശ് ചോപ്ര പറഞ്ഞു. മോശം ഷോട്ട് സെലക്ഷനിലൂടെ പുറത്തായതിലുള്ള ദേഷ്യമാണ് ആകാശ് ചോപ്ര പങ്കുവെച്ചത്.
കൊൽക്കത്തയുടെ നാല് മത്സരങ്ങളിൽ നിന്ന് 39 റൺസ് മാത്രമെ റാണക്ക് നേടാനായുള്ളൂ. 21,10,0,8 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ മാല് മത്സരങ്ങളിലെ റാണയുടെ സമ്പാദ്യം. 'നിതീഷ് റാണയെ 8 കോടിക്കാണ് വാങ്ങിയത്. സ്വന്തം ജോലി ഇതുവരെ അദ്ദേഹം ചെയ്തിട്ടില്ല. കൂടുതൽ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട്'- ആകാശ് ചോപ്ര പറഞ്ഞു. റാണ മധ്യനിരയിൽ മികവ് തെളിയിക്കേണ്ടതുണ്ട്. മികച്ച ഫോമിലല്ലാതിരുന്നിട്ടും മുംബൈ ഇന്ത്യൻസിനെതിരെ കഴിഞ്ഞ മത്സരത്തിൽ അർധസെഞ്ചുറി നേടിയ വെങ്കിടേഷ് അയ്യരുടെ പ്രകടനം എടുത്തുപറയേണ്ടതാണെന്നും ചോപ്ര പറഞ്ഞു.
മുംബൈയ്‌ക്കെതിരെ മത്സരത്തില്‍ വെങ്കിടേഷ് അയ്യർ 41 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്നിരുന്നു. എന്നാല്‍ ആ മത്സരം കൊണ്ടപോയത് പാറ്റ്കമ്മിന്‍സനാണ്. 15 പന്തിൽ 56 റൺസ് നേടിയാണ് കമ്മിന്‍സ് എല്ലാവരെയും അമ്പരപ്പിച്ചത്.
നാല് കളികളിൽ മൂന്ന് വിജയങ്ങൾ കൊൽക്കത്ത നേടിയിട്ടുണ്ടെങ്കിലും, മിക്കവാറും എല്ലാ മത്സരങ്ങളിലും അവരുടെ ബാറ്റിങ് മികച്ച ഫോമിലേക്കുയര്‍ന്നിട്ടില്ല. കെകെആർ ബാറ്റർമാർ തങ്ങളുടെ ഈഗോ മാറ്റിവെക്കണമെന്നും ചോപ്ര നിര്‍ദേശിക്കുന്നു. കൊൽക്കത്ത നായകൻ ശ്രേയസ് അയ്യര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരേണ്ടതുണ്ടെന്നും ചോപ്ര കൂട്ടിച്ചേർത്തു.
അച്ചടക്കലംഘനത്തിന് നിതീഷ് റാണയ്‌ക്ക് മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തിയിരുന്നു. ഐപിഎല്‍ നിയമാവലിയിലെ ലെവല്‍ 1 കുറ്റം റാണ ചെയ്‌തു എന്നാണ് കണ്ടെത്തല്‍.
Summary: Nitish Rana has been purchased for ₹8 crore, he needs to show more responsibility" - Aakash Chopra urges struggling KKR batter to lift his game