'എബിഡി' മാജിക് ഇനിയില്ല; ഡിവില്ലിയേഴ്‌സ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു
2018 മെയ് 23ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പൂർണമായി വിരമിച്ച ഡിവില്ലിയേഴ്സ് ഫ്രാഞ്ചൈസി ക്രിക്കറ്റിൽ സജീവമായിരുന്നു.
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം എ.ബി ഡിവില്ലിയേഴ്‌സ് സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 2018 മെയ് 23ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പൂർണമായി വിരമിച്ച ഡിവില്ലിയേഴ്സ് ഫ്രാഞ്ചൈസി ക്രിക്കറ്റായ ബിബിഎൽ, ഐപിഎൽ, സിപിഎൽ, പിഎസ്എൽ എന്നിവയിലെല്ലാം സജീവസാന്നിധ്യമായിരുന്നു. ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്നു ഡിവില്ലിയേഴ്‌സ്
'വളരെ മഹത്തരമായൊരു യാത്രയായിരുന്നു ഇത്. എന്നാൽ എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. പൂർണമായും ആസ്വദിച്ചും ആവേശത്തോടെയുമാണ് കളിച്ചിരുന്നത്. പ്രായം 37 ആയിരിക്കുന്നു. ഇനിയും ഇതുപോലെ തിളങ്ങാൻ കഴിയില്ല. പിന്തുണച്ച എല്ലാവർക്കും നന്ദി, ഡിവില്ലിയേഴ്സ് ട്വീറ്റ് ചെയ്തു.
It has been an incredible journey, but I have decided to retire from all cricket.
— AB de Villiers (@ABdeVilliers17) November 19, 2021
Ever since the back yard matches with my older brothers, I have played the game with pure enjoyment and unbridled enthusiasm. Now, at the age of 37, that flame no longer burns so brightly. pic.twitter.com/W1Z41wFeli
താരത്തിന്റെ 17 വർഷത്തെ ക്രിക്കറ്റ് കരിയറിനാണ് ഇതോടെ തിരശീല വീഴുന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റിൽ നിന്ന് 50.66 ശരാശരിയിൽ 8765 റൺസാണ് ഡിവില്ലിയേഴ്സ് നേടിയിട്ടുള്ളത്. 22 സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും 46 അർധ സെഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു. 228 ഏകദിനത്തിൽ നിന്ന് 53.5 ശരാശരിയിൽ 9577 റൺസും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ 25 സെഞ്ച്വറിയും 53 അർധ സെഞ്ച്വറിയും ഉൾപ്പെടുന്നു. 78 ടി20 മത്സരങ്ങളും എബിഡി കളിച്ചിട്ടുണ്ട്.
ഐപിഎല്ലിൽ 180 മത്സരങ്ങളിൽ നിന്ന് 39.71 ശരാശരിയിൽ 5162 റൺസാണ് ഡിവില്ലിയേഴ്സ് നേടിയിട്ടുള്ളത്. മൂന്ന് സെഞ്ചുറികളും 40 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 151.69 സ്‌ട്രൈക്ക്റേറ്റിലാണ് ഇത്രയും റൺസ് താരം അടിച്ചെടുത്തത്.