ഗംഭീർ മാത്രമല്ല കൊൽക്കത്ത; നിശബ്ദ വിപ്ലവം തീർത്ത് മുൻ ഇന്ത്യൻ ഓൾറൗണ്ടർ
പരിശീലകനായ ചന്ദ്രകാന്ത് പണ്ഡിറ്റും അഭിഷേക് നായരും തമ്മിലുള്ള കോമ്പിനേഷനും ടീം പ്രകടനത്തിൽ നിർണായകമായി.
കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ.പി.എൽ കിരീടത്തിൽ മുത്തമിട്ടതിന് ശേഷം തലക്കെട്ടുകളിൽ തെളിയുന്ന പേര് ഗൗതം ഗംഭീറിന്റേതാണ്. ടീം മെന്ററായ മുൻ ഇന്ത്യൻ താരത്തിന്റെ സാന്നിധ്യമാണ് കൊൽക്കത്തയെ കിരീടത്തിലേക്ക് നയിച്ചതെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലും ചർച്ചകൾ സജീവമാണ്. എന്നാൽ കൊൽക്കത്തയുടെ മൂന്നാം കിരീടനേട്ടത്തിലേക്ക് തന്ത്രങ്ങളൊരുക്കി ഗംഭീറിനോളം പ്രാധാന്യം വഹിച്ച മറ്റൊരു ഇന്ത്യൻ താരമുണ്ട്.
ഓൾറൗണ്ടർ അഭിഷേക് നായരാണ് കൊൽക്കത്തൻ നിരയിലെ അറിയപ്പെടാത്ത ഹീറോ. കെ.കെ.ആറിന്റെ സഹ പരിശീലകനാണെങ്കിലും യുവതാരങ്ങളെ ടീമിലേക്കെത്തിക്കുന്നതിൽ നിർണായക റോളാണ് താരം വഹിച്ചത്. ടീമിലെ നവാഗതരായ വൈഭവ് അറോറ, ഹർഷിത് റാണ എന്നീ പേസ് ബൗളർമാർ ഫൈനലിലടക്കം അത്യുഗ്രൻ പ്രകടനമാണ് പുറത്തെടുത്തത്. ഫിനിഷറുടെ റോളിൽ അവതരിപ്പിച്ച രമൺദീപ് സിങും പലമത്സരങ്ങളിലും ഗതിതന്നെമാറ്റി. വെങ്കിടേഷ് അയ്യരുടെ കോൺഫിഡൻസ് കൂട്ടി ഫോമിലെത്തിക്കുന്നതിലും വരുൺ ചക്രവർത്തിയെ വിക്കറ്റ് ടേക്കിങ് ബോളറാക്കുന്നതിലും ഈ 40 കാരൻ പരിശീലകൻ വലിയ പങ്കുവഹിച്ചു.
ആഭ്യന്തര മത്സരങ്ങളിൽ മുംബൈയ്ക്കായി നിരവധി മത്സരങ്ങൾ കളിച്ച അഭിഷേക് നായർ, മുംബൈ ഇന്ത്യൻസ്, കിങ്‌സ് ഇലവൻ പഞ്ചാബ്, പൂനെ വാരിയേഴ്‌സ്, രാജസ്ഥാൻ റോയൽസ് എന്നീ ഫ്രാഞ്ചൈസികൾക്കായും കളത്തിലിറങ്ങി. ഈ പരിചയസമ്പത്തും കെ.കെ.ആറിനായി പ്രയോചനപ്പെടുത്തി. കൊൽക്കത്തയുടെ ബോളിങ്‌നിരയിലെ കുന്തമുനയായ സ്പിന്നർ വരുൺ ചക്രവർത്തി മത്സരശേഷം താരത്തെ വാനോളം പുകഴ്ത്തിയിരുന്നു. 'എനിക്ക് ഇപ്പോൾ ഒരാളെ കുറിച്ച് മാത്രമേ ചിന്തിക്കാൻ കഴിയൂ അത് കൊൽക്കത്ത ടീമിന്റെ ഇന്ത്യൻ കോർ കെട്ടിപ്പടുത്ത വ്യക്തിയെക്കുറിച്ചാണ്. ഇതിന് പിന്നിലെ പ്രധാന വ്യക്തി അഭിഷേക് നായരാണ്- വരുൺ ചക്രവർത്തി പറഞ്ഞു. ചില സംഭാവനകൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു, അവ ശ്രദ്ധിക്കപ്പെടുന്നുണ്ട് ഉറപ്പാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ഇന്ത്യൻ കോർ നിർമ്മിച്ചത് അദ്ദേഹമാണ്. മത്സരശേഷം -വെങ്കിടേഷ് അയ്യർ പറഞ്ഞത് ഇങ്ങനെയായിരുന്നു.
പരിശീലകനായ ചന്ദ്രകാന്ത് പണ്ഡിറ്റും അഭിഷേക് നായരും തമ്മിലുള്ള കോമ്പിനേഷനും ടീം പ്രകടനത്തിൽ നിർണായകമായി. 2021 ഐ.പി.എൽ ഫൈനൽ തോൽവിക്ക് പിന്നാലെ മുഖ്യ പരിശീലൻ ബ്രണ്ടൻ മക്കല്ലത്തിന്റെ പകരക്കാരനായാണ് പണ്ഡിറ്റ് കെ.കെ.ആറിലെത്തിയത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള മുൻ വിക്കറ്റ് കീപ്പർ ബാറ്ററുടെ പട്ടാള ശൈലി ടീമിൽ അച്ചടക്കംകൊണ്ടുവന്നു. കളിക്കാർ എപ്പോൾ ഉറങ്ങണം, എഴുന്നേൽക്കണം. എന്നുതുടങ്ങി എന്തു വസ്ത്രം ധരിക്കണമെന്നുപോലും തീരുമാനിച്ച് അദ്ദേഹം ടീമിനെ കെട്ടപ്പടുത്തു. സൂപ്പർ താരങ്ങൾക്ക് പിറകെ പോവാതെ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരങ്ങളെ കണ്ടെത്തുകയായിരുന്നു പണ്ഡിറ്റിന്റെ ശൈലി. ഇന്ത്യക്കായി അഞ്ച് ടെസ്റ്റും 36 ഏകദിനവും കളിച്ച 62 കാരൻ വിവിധ ടീമുകളെ രഞ്ജി ട്രോഫി ജേതാക്കളാക്കിയിട്ടുമുണ്ട്.