ചൂതാട്ടകേന്ദ്രത്തിന്‍റെ പരസ്യത്തില്‍ തന്‍റെ ചിത്രം ; നിയമനടപടിക്കൊരുങ്ങി സച്ചിന്‍
ലഹരിയേയും, ചൂതാട്ടത്തെയും താന്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്ന് സച്ചിന്‍
തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ചൂതാട്ട കേന്ദ്രത്തിന്റെ പരസ്യത്തിനായി ഉപയോഗിച്ചവർക്കർക്കെതിരെ നിയമനടപടിക്കൊരുങ്ങി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ തന്റെ ചിത്രങ്ങൾ ഉപയോഗിച്ചത് വേദനാജനകമാണെന്ന് സച്ചിൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ചൂതാട്ടകേന്ദ്രത്തിന്റെ പരസ്യത്തിൽ സച്ചിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു
"എന്‍റെ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ചുള്ള ഒരു ചൂതാട്ടകേന്ദ്രത്തിന്റെ പരസ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. വ്യക്തിപരമായി ലഹരി, ചൂതാട്ടം , മദ്യം ഇവയെ പ്രോത്സാഹിപ്പിക്കുന്നയാളല്ല ഞാന്‍. ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ എന്‍റെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് ഏറെ വേദനാജനകമാണ്. എന്‍റെ നിയമസംഘം ഇതിനെതിരെയുള്ള നിയമനടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഈ സുപ്രധാന വിവരം എല്ലാവരേയും അറിയിക്കണമെന്ന് തോന്നി"-. സച്ചിൻ കുറിച്ചു.
Requesting everyone to remain vigilant about misleading images on social media. pic.twitter.com/VCJfdyJome
— Sachin Tendulkar (@sachin_rt) February 24, 2022
ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിന് മുമ്പോ ശേഷമോ ലഹരിയേയും ചൂതാട്ടത്തെയും പ്രോത്സാഹിപ്പിക്കുന്ന പരസ്യചിത്രങ്ങളിൽ സച്ചിൻ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. കളിക്കളത്തിനകത്തും പുറത്തും മാന്യതയുടെ ആൾരൂപമായി അറിയപ്പെടുന്ന സച്ചിനെ ബോധപൂർവം വിവാദങ്ങളിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നാണ് ആരാധകരുടെ പക്ഷം. ഇതിനോടകം തന്നെ സച്ചിന് പിന്തുണയുമായി നിരവധി പേർ രംഗത്ത് വന്ന് കഴിഞ്ഞു.