ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പര; അഫ്ഗാൻ ടീം പ്രഖ്യാപിച്ചു, ഇബ്രാഹിം സദ്രാൻ നയിക്കും
പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ വരും ദിവസം പ്രഖ്യാപിക്കും. സഞ്ജു സാംസൺ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാബൂൾ: ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കുള്ള അഫ്ഗാനിസ്താൻ ടീം പ്രഖ്യാപിച്ചു. 19 അംഗ ടീമിനെ ഇബ്രാഹിം സദ്രാൻ നയിക്കും. ഈ മാസം 11ന് മൊഹാലിയിലാണ് ആദ്യമത്സരം. 14, 17 തീയതികളിലാണ് മറ്റു മാച്ചുകൾ. പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ വരും ദിവസം പ്രഖ്യാപിക്കും. സഞ്ജു സാംസൺ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിക്ക്മൂലം ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിൽ കഴിയുന്ന പ്രധാനതാരം റാഷിദ് ഖാനെയും അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ യുവതാരം കളിക്കുന്ന കാര്യം സംശയത്തിലാണ്. ശസ്ത്രക്രിയക്ക് ശേഷം റാഷിദ് ഖാൻ ഫിറ്റ്നസ് പൂർണമായും കൈവരിച്ചിട്ടില്ലെന്നാണ് സൂചന. റാഷിദ് ഖാൻ കളിച്ചില്ലെങ്കിൽ അഫ്ഗാന് വലിയ നഷ്ടമാകുമത്. യു.എ.ഇക്കെതിരായ ട്വന്റി 20 പരമ്പര വിജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് അഫ്ഗാൻ ഇന്ത്യയിലേക്കെത്തുന്നത്. ട്വന്റി 20 ക്യാപ്റ്റനായിരുന്ന റാഷിദ് ഖാന്റെ അഭാവത്തിൽ യുഎഇക്കെതിരെ ഇബ്രാഹിം സദ്രാനായാരുന്നു ടീമിനെ നയിച്ചത്. കഴിഞ്ഞ പരമ്പരയിൽ കളിക്കാതിരുന്ന സ്പിന്നർ മുജീബുർ റഹ്‌മാൻ ഇന്ത്യക്കെതിരായ ട്വന്റി 20യിൽ മടങ്ങിയെത്തും. മൊഹാലിക്ക് പുറമെ ഇൻഡോറിലും ബെംഗളൂരുവിലുമായാണ് മറ്റു മത്സരങ്ങൾ.
അഫ്ഗാൻ ടീം: ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റൻ), റഹ്‌മാനുള്ള ഗുർബാസ്, ഇക്രം അലിഖിൽ(വിക്കറ്റ് കീപ്പർ), ഹസ്രത്തുള്ള സസായ്, റഹ്‌മത്ത് ഷാ, നജീബുല്ല സദ്രാൻ, മുഹമ്മദ് നബി, കരീം ജനത്ത്, അസ്മത്തുള്ള ഒമർസായി, ഷറഫുദ്ദീൻ അഷ്‌റഫ്, മുജീബുർ റഹ്‌മാൻ, ഫസൽ ഹഖ് ഫാറൂഖി, ഫരീദ് അഹമദ്, നവീൻ ഉൾ ഹഖ്, നൂർ അഹമ്മദ്, മുഹമ്മദ് സലീം, ഖായിസ് അഹമ്മദ്, ഗുൽബാദിൻ നായിബ്, റാഷിദ് ഖാൻ.