കസേര തല്ലിത്തകർത്ത് അഫ്ഗാൻ ആരാധകർ, അടിപിടി: ട്വീറ്റ് കൊണ്ട് 'തല്ലി' അക്തറും
അഫ്ഗാനിസ്താന്‍ ആരാധകര്‍ തോറ്റതിന്റെ നിരാശ തീര്‍ത്തത് ഷാർജാ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കസേര തല്ലിത്തകര്‍ത്ത്
ദുബൈ: അഫ്ഗാനിസ്താനും ജയിക്കാം പാകിസ്താനും ജയിക്കാം എന്ന നിലയിലായിരുന്നു ഏഷ്യാകപ്പ് സൂപ്പർഫോറിൽ ഇന്നലത്തെ മത്സരം. 130 എന്ന ചെറിയ സ്‌കോറാണ് അഫ്ഗാനിസ്താൻ പാകിസ്താന് മുന്നിൽവെച്ചത്. അതിവേഗത്തിൽ അടിച്ചെടുക്കാം എന്ന മനോഭാവത്തിലായിരുന്നു പാകിസ്താൻ. എന്നാൽ കൃത്യമായ ഇടവളകളിൽ അഫ്ഗാനിസ്താൻ പാക് വിക്കറ്റുകൾ എടുത്തതോടെ കളി മുറുകി. 109 റൺസെടുക്കുന്നതിനിടെ പാകിസ്താന്റെ ഏഴ് വിക്കറ്റുകൾ കൂടി വീണതോടെ അഫ്ഗാനിസ്താൻ ജയം മണത്തു.
എന്നാൽ അവസാന ഓവറിൽ വന്ന രണ്ട് ഫുൾടോസുകൾ നസീം ഷാ ഗ്യാലറയിലെത്തിച്ചതോടെ പാകിസ്താൻ ജയിച്ചു, അഫ്ഗാനിസ്താൻ തോറ്റു. ആവേശത്തിന്റെ വക്കോളമെത്തിയ അഫ്ഗാനിസ്താൻ ആരാധകർ അതോടെ നിരാശയിലായി. നിരാശ മുഴുവൻ തീർത്തത് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങൾ തകർത്ത്. അഫ്ഗാനിസ്താൻ ആരാധകർ കസേര തല്ലിപ്പൊളിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. പുറമെ അഫ്ഗാനിസ്താന്റെയും പാകിസ്താന്റെയും ആരാധകർ തമ്മിൽ വാക്കേറ്റവും അടിപിടിയും നടന്നു.
സംഭവം പാക് മുൻ പേസർ ശുഹൈബ് അക്തർ ട്വീറ്റ് ചെയ്തു. ഇതാണ് അഫ്ഗാനിസ്താന്‍ ചെയ്യുന്നതെന്നും ഇതിന് മുമ്പും അവരിങ്ങനെ ചെയ്തിട്ടുണ്ടെന്നും കസേര തല്ലിപ്പൊളിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് അക്തർ കുറിച്ചു. സ്‌പോർട്‌സിൽ വളരണമെങ്കിൽ നിങ്ങളുടെ കളിക്കാരും കാണികളും ഇനിയും ചില കാര്യങ്ങൾ പഠിക്കേണ്ടതുണ്ടെന്നും അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് സി.ഇ.ഒ ഷഫീഖ് സ്റ്റാനിക്‌സായ്‌യെ മെന്‍ഷന്‍ ചെയ്ത് ഷുഹൈബ് അക്തർ പറഞ്ഞു. എന്നാൽ ഇതിന് ചുട്ട മറുപടിയുമായി ഷഫീഖ് സ്റ്റാനിക്‌സായ്‌യും രംഗത്ത് എത്തി.
ആൾക്കൂട്ടത്തിന്റെ വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയില്ല, ക്രിക്കറ്റിൽ ഇതിന് മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. നിങ്ങളൊന്ന് ഇൻസമാമിനോടും കബീർഖാനോടും ചോദിക്കണം, ഞങ്ങൾ അവരോട് എങ്ങനെ പെരുമാറിയെന്ന്, അടുത്ത തവണ ഉപദേശം തരാം എന്ന് പറഞ്ഞാണ് ഷഫീഖ് ട്വീറ്റ് അവസാനിപ്പിക്കുന്നത്. ഇൻസമാമുൽ ഹഖ് അഫ്ഗാനിസ്താന്റെ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. കളിക്കളത്തിലും അഫ്ഗാനിസ്താന്റെയും പാകിസ്താന്റെയും കളിക്കാർ കൊമ്പുകോർത്തിരുന്നു.
പാകിസ്താന്റെ ആസിഫ് അലി അഫ്ഗാൻ താരം ഫരീദ് അഹമ്മദിനെ ബാറ്റെടുത്ത് തല്ലാനൊരുങ്ങിയിരുന്നു. അമ്പയർമാരും സഹകളിക്കാരും ഇടപെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്. ഇതിന് പിന്നാലെയാണ് മത്സര ശേഷം അഫ്ഗാനിസ്താൻ കസേര തല്ലിത്തകർത്തത്. പിന്നാലെയാണ് ഇരു ആരാധകരും തമ്മിൽ വാക്കേറ്റവും ഉന്തും തല്ലുമുണ്ടായതും. മത്സരത്തിൽ ഒരു വിക്കറ്റിന് വിജയിച്ചതിന്റെ എല്ലാ ആഘോഷവും പാക് ക്യാമ്പിൽ ഉണ്ടായിരുന്നു.
Watch Video