എന്തൊരു തോൽവി: ബംഗ്ലാദേശിനെ നാണംകെടുത്തി അഫ്ഗാനിസ്താൻ
അഫ്ഗാൻ ബൗളർമാർക്ക് മുന്നിൽ ഉത്തരമില്ലാതെ പോയപ്പോൾ ബംഗ്ലാദേശ് തോറ്റത് 62 റൺസിന്
മെല്‍ബണ്‍: ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ അഫ്ഗാനിസ്താനെതിരെ തോറ്റമ്പി ബംഗ്ലാദേശ്. അഫ്ഗാൻ ബൗളർമാർക്ക് മുന്നിൽ ഉത്തരമില്ലാതെ പോയപ്പോൾ ബംഗ്ലാദേശ് തോറ്റത് 62 റൺസിന്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താൻ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 160 റൺസ്. മറുപടി ബാറ്റിങിൽ 20 ഓവറും ബാറ്റ് ചെയ്‌തെങ്കിലും ബംഗ്ലാദേശിന് നേടാനായത് 98 റൺസ് മാത്രം.
ഒമ്പത് വിക്കറ്റുകളും വീണു. പാകിസ്താനെതിരെയാണ് അഫ്ഗാനിസ്താന്റെ അടുത്ത മത്സരം. 17 പന്തിൽ 41 റൺസ് നേടിയ മുഹമ്മദ് നബിയുടെ ബാറ്റിങാണ് അഫ്ഗാനിസ്താന് മികച്ച സ്‌കോർ സമ്മാനിച്ചത്. ഓപ്പണർ ഇബ്രാഹിം സദ്‌റാൻ 39 പന്തിൽ നിന്ന് 46 റൺസ് നേടി. ബാക്കിയുള്ളവർക്കൊന്നും കാര്യമായി തിളങ്ങാനായില്ല. അതേസമയം മറുപടി ബാറ്റിങിൽ തകർപ്പൻ തുടക്കം ബംഗ്ലാദേശിന് ലഭിച്ചെങ്കിലും മൂന്നാം ഓവറിൽ ആദ്യ വിക്കറ്റു വീണു. പിന്നെ തുടർച്ചയായി വിക്കറ്റുകൾ. ഫസൽഹഖ് ഫാറൂഖി മൂന്ന് വിക്കറ്റ് വീഴ്ത്തി. 16 റൺസെടുത്ത മെഹ്ദി ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ.
അതേസമയം ഗ്രൂപ്പ് ബിയിലെ മൂന്നാം മത്സരത്തില്‍ ടി20 കരുത്തന്മാരായ വെസ്റ്റ്ഇന്‍ഡീസിനെ സ്‌കോട്ട്‌ലാന്‍ഡ് അട്ടിമറിച്ചു. 42 റണ്‍സിനാണ് സ്‌കോട്ട്‌ലന്‍ഡിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലാന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 160 റണ്‍സ്. മറുപടി ബാറ്റിങില്‍ വെസ്റ്റ്ഇന്‍ഡീസിന് 118 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
18.3 ഓവറില്‍ എല്ലാവരും പുറത്തായി. 66 റണ്‍സ് നേടിയ സ്‌കോട്ട്‌ലന്‍ഡിന്റെ ജോര്‍ജ് മുന്‍സെയാണ് മാന്‍ ഓഫ് ദി മാച്ച്. വിന്‍ഡിസ് നിരയില്‍ ഹോള്‍ഡര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. 33 പന്തില്‍ നിന്ന് ഹോള്‍ഡര്‍ നേടിയത് 38 റണ്‍സ്. ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്‍ ഉള്‍പ്പെടെയുള്ള ബാറ്റേഴ്‌സ് നിരാശപ്പെടുത്തി. ആറ് പേര്‍ക്ക് രണ്ടക്കം കടക്കാനായില്ല. മറുപടി ബാറ്റിങില് ഒരുഘട്ടത്തില്‍പോലും വിന്‍ഡീസിന് പിടിച്ചുനില്‍ക്കാനായില്ല.