ഇങ്ങനെയും ഒരു നേട്ടമോ? സച്ചിന് പിന്നാലെ കോഹ്‌ലിയും...
സച്ചിന് പിന്നാലെ അച്ഛനെതിരെയും മകനെതിരെയും കളിക്കുന്ന താരം എന്ന നേട്ടമാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്
ബാർബഡോസ്: ക്രിക്കറ്റിൽ എന്തും റെക്കോർഡാണ്. നേട്ടങ്ങൾക്ക് പുറമെ ഓരോ പന്തുകളിലും കൗതുകങ്ങളുണ്ടാകും. കളിക്കാരെയും കാണുന്നവരെയുമൊക്കെ അമ്പരപ്പിക്കുന്ന കണക്കുകളുമുണ്ടാകും. അത്തരമൊരു നേട്ടമാണ് വിരാട് കോഹ്‌ലിയെ തേടി വിൻഡീസ് പരമ്പരയിൽ കാത്തിരിക്കുന്നത്. അച്ഛനെതിരെയും മകനെതിരെയും കളിക്കുന്ന താരം എന്ന നേട്ടമാണത്.
സച്ചിൻ തെണ്ടുൽക്കര്‍ക്കാണ് ഇങ്ങനെയൊരു നേട്ടം മുമ്പ് ലഭിച്ചിരുന്നത്. ശിവനാരായണൻ ചന്ദ്രപോളിനെതിരെയും മകൻ ടാഗനറൈൻ ചന്ദ്രപോളിനെതിരെയും കളിച്ചു എന്ന നേട്ടമാണ് കോഹ്‌ലിയെ തേടിയെത്തുക. 2011ലെ പരമ്പരയിലാണ് ചന്ദ്രപോളിനെതിരെ കോഹ്ലി കളിച്ചത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകനെതിരെയും കളിക്കാനൊരുങ്ങുന്നു. ഇന്ത്യക്കെതിരെയുള്ള വിന്‍ഡീസ് പരമ്പരയില്‍ ടാഗനറൈൻ ചന്ദ്രപോളുമുണ്ട്.
ജെഫ് മാർഷിനെതിരെയും മകന് ഷോൺ മാർഷിനെതിരെയും കളിച്ചു എന്നതായിരുന്നു സച്ചിനെ തേടിയെത്തിയ നേട്ടം. 19 വർഷങ്ങൾക്ക് മുമ്പാണ് ഷോൺ മാർഷിന്റെ പിതാവ് ജെഫ് മാർഷിനെതിരെ സച്ചിൻ കളിച്ചത്. 2011ലായിരുന്നു ഷോൺ മാർഷിനെതിരെയും സച്ചിൻ കളിച്ചത്.
വെസ്റ്റ്ഇൻഡീസിനെതിരെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. ടെസ്റ്റ് മത്സരങ്ങളോടെ തുടങ്ങുന്ന പരമ്പരയിൽ ഏകദിന-ടി20 മത്സരങ്ങളും ഉണ്ട്. നാളെയാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റ്, മൂന്ന് ഏകദിനം, അഞ്ച് ടി20 എന്നിവയടങ്ങുന്നതാണ് പരമ്പര. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനൽ തോൽവിക്ക് ശേഷം ഉയിർത്തെഴുന്നേൽക്കാൻ നിൽക്കുകയാണ് ഇന്ത്യ. 2023-2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ തുടക്കം കൂടിയാണ് വിൻഡീസിനെതിരായ പരമ്പര.