വീണ്ടും ധോണിക്ക് മുന്നിൽ ആ ചോദ്യമെത്തി, വിരമിക്കുമോ?
ഐ.പി.എൽ കരിയറിനെക്കുറിച്ച് തീരുമാനമൊന്നും എടുത്തില്ലെന്നായിരുന്നു ധോണിയുടെ മറുപടി
ചെന്നൈ: ഐ.പി.എല്ലിലെ ഏറ്റവും വിലപിടിപ്പുള്ള ചോദ്യം ഏതെന്ന് ചോദിച്ചാൽ അത് ധോണിയുടെ വിരമിക്കൽ സംബന്ധിച്ചുള്ളതാകും. ഓരോ സീസൺ കഴിയുമ്പോഴും ഈ ചോദ്യം എത്താറുണ്ട്. ക്വാളിഫയറിലെ ആദ്യ മത്സരത്തിൽ ഗുജറാത്തിനെ തോൽപിച്ച് ഫൈനൽ ടിക്കറ്റ് നേടിയ സന്തോഷത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് നിൽക്കുന്ന വേളയിലും ഇതെ ചോദ്യമെത്തി.
എന്നാണ് വിരമിക്കുക എന്ന് കമന്റേറ്റർ ഹർഷ ബോഗ്ലെ നേരിട്ട് ചോദിച്ചില്ലെങ്കിലും ചെപ്പോക്കിലേക്ക് കളിക്കാൻ ഇനിയും വരുമോ എന്നായിരുന്നു ബോഗ്ലെയുടെ ചോദ്യം. മത്സരശേഷമുള്ള സമ്മാനദാനചടങ്ങിലായിരുന്നു ബോഗ്ലെയുടെ ചോദ്യം. എന്നാൽ ഐ.പി.എൽ കരിയറിനെക്കുറിച്ച് തീരുമാനമൊന്നും എടുത്തില്ലെന്നായിരുന്നു ധോണിയുടെ മറുപടി.
''എനിക്കറിയില്ല, ഡിസംബറിൽ നടക്കുന്ന മിനി ലേലത്തിന് മുമ്പായി എട്ടോ ഒമ്പതോ മാസം ഇനിയുമുണ്ട്. അതുകൊണ്ട് തന്നെ ആ തലവേദന ഇപ്പോഴെ എന്തിന് സഹിക്കണം. എനിക്ക് തീരുമാനിക്കാൻ മതിയായ സൗകര്യമുണ്ട്. കളിക്കുമ്പോഴായാലും പുറത്തായാലും ഞാൻ എപ്പോഴും സി.എസ്.കെക്ക് ഒപ്പമുണ്ടാകും''- മഹേന്ദ്ര സിങ് ധോണി പറഞ്ഞു.
ഈ സീസണോടെ ധോണി ഐ.പി.എൽ മതിയാക്കുമെന്നാണ് സീസണിന്റെ തുടക്കത്തിൽ പറഞ്ഞിരുന്നത്. അജിങ്ക്യരഹാനെ, ബെൻ സ്റ്റോക്‌സ് എന്നിവരിലൊരാളെ ധോണിയുടെ പിൻമുറക്കാരനാക്കാനും ആലോചനയുണ്ടായിരുന്നു. എന്നാൽ മിന്നും ഫോമിലുള്ള ഗുജറാത്തിനെ തോൽപിച്ച് ഐ.പി.എൽ ഫൈനലിൽ എത്തിയിരിക്കുകയാണ് ധോണിയും സംഘവും. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഫൈനൽ. നാളെ എലിമിനേറ്ററിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും.
ഇതിലെ വിജയികൾ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഇതിലെ വിജയികളാകും അഹമ്മദാബാദിൽ ചെന്നൈയെ നേരിടാൻ എത്തുക.