ബോളിങ് പരിശീലകനായി അഗാര്‍ക്കര്‍ പരിഗണനയില്‍? നിര്‍ദേശിച്ചത് മുതിര്‍ന്ന താരം
2023ലെ ഏകദിന ലോകകപ്പ് മുൻനിർത്തിയാണ് അദ്ദേഹം അഗാർക്കറിന്റെ പേര് നിർദേശിച്ചത്. അതേസമയം സഹീർഖാനെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
മുൻ ഇന്ത്യൻ താരം അജിത് അഗാർക്കർ ഇന്ത്യയുടെ ബൗളിങ് പരിശീലകനായി എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇപ്പോൾ പരസ് മാംബ്രെയാണ് ഇന്ത്യയുടെ ബൗളിങ് പരിശീലകൻ. ഇന്ത്യൻ ടീമിലെ ഒരു മുതിർന്ന താരമാണ് അജിത് അഗാർക്കറിനെ ഈ സ്ഥാനത്തേക്ക് നിർദേശിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2023ലെ ഏകദിന ലോകകപ്പ് മുൻനിർത്തിയാണ് അദ്ദേഹം അഗാർക്കറിന്റെ പേര് നിർദേശിച്ചത്. അതേസമയം സഹീർഖാനെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
നിലവിൽ ഇന്ത്യൻ ടീമിന്റെ ബോളിങ് പരിശീലകനായ പരസ് മാംബ്രെ മുൻ ഇന്ത്യൻ താരമാണ്. അദ്ദേഹത്തെ മുൻപത്തേതുപോലെ ഇന്ത്യ എ, അണ്ടർ 19 ടീമുകളുടെ ബോളിങ് പരിശീലക സ്ഥാനത്തേക്ക് തിരിച്ചയച്ച് അഗാർക്കറിനെയോ സഹീർ ഖാനേയോ കൊണ്ടുവരാനാണ് ശ്രമം.
സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചശേഷം ടിവി കമന്റേററാണ് 44 കാരനായ അഗാര്‍ക്കര്‍. ചേതന്‍ ശര്‍മയ്ക്ക് പകരം അഗാര്‍ക്കര്‍ ബിസിസിഐ സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ആയേക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, അവസാന നിമിഷം അഗാര്‍ക്കറെ ഒഴിവാക്കുകയായിരുന്നു.
1998 മുതല്‍ 2007 വരെ ദേശീയ ടീമില്‍ കളിച്ച താരമാണ് അഗാര്‍ക്കര്‍. 28 ടെസ്റ്റുകളിലും 191 ഏകദിനങ്ങളിലും 4 ടി20 മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. ആകെ 349 അന്താരാഷ്ട്ര വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ഇത്തവണ ഐപിഎൽ സീസണിനു മുന്നോടിയായി അഗാർക്കർ ഡൽഹി ക്യാപിറ്റൽസിന്റെ ബോളിങ് പരിശീല ജോലി ഏറ്റെടുത്തതായി വാര്‍ത്തകളുണ്ട്. മുന്‍ ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് ആണ് ഡല്‍ഹിയുടെ മുഖ്യപരിശീലകന്‍.
രണ്ട് ലോകകപ്പാണ് ഇന്ത്യയ്ക്ക് ഇനിയുള്ള ലക്ഷ്യം. ഈ വര്‍ഷം ആസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പും അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പും. ഇതിനായി പുതിയ കളിക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ദ്രാവിഡും സംഘവും. അതിനിടെയാണ് ബൗളിങ് പരിശീലക സ്ഥാനത്തേക്ക് കൂടി ആളെ തേടുന്നത്.