ടി20 മത്സരം നാളെ; തന്ത്രങ്ങൾ പറഞ്ഞ് ധോണി റാഞ്ചിയിലെ ഇന്ത്യൻ ക്യാമ്പിൽ
മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര തൂത്തുവാരിയ ശേഷമാണ് ഇന്ത്യ നാളെ ന്യൂസിലൻഡിനെതിരെ ഇറങ്ങുന്നത്
ന്യൂസിലൻഡിനെതിരെയുള്ള ആദ്യ ടി20 മത്സരം നാളെ റാഞ്ചിയിൽ നടക്കാനിരിക്കെ ഇന്ത്യൻ ടീമിനെ സന്ദർശിച്ച് മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. മത്സരം നടക്കുന്ന ജെ.എസ്.സി.എ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് താരം ഇന്ത്യൻ ടീമിനെ കാണാനെത്തിയത്.
ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിനെ നയിച്ച താരം ഡ്രസ്സിംഗ് റൂമിലെത്തിയ ദൃശ്യങ്ങൾ ബിസിസിഐ ട്വിറ്ററിൽ പങ്കുവെച്ചു. കയ്യിൽ ഇളനീരുമായി നിൽക്കുന്ന ധോണിയോട് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ, വിക്കറ്റ്കീപ്പർ ബാറ്റർ ഇഷാൻ കിഷൻ എന്നിവരടക്കമുള്ളവർ കുശലം പറയുന്നതാണ് ദൃശ്യത്തിലുള്ളത്. അവസാന നാലു ഏകദിനങ്ങളിൽ മൂന്നു സെഞ്ച്വറി നേടി ഇന്ത്യയുടെ ഒന്നാം ഏകദിന ബാറ്ററായ ശുഭ്മാൻ ഗിൽ, ഒന്നാം നമ്പർ ടി20 ബാറ്ററും വൈസ് ക്യാപ്റ്റനുമായ സൂര്യകുമാർ യാദവ്, പേസർ ശിവം മാവി, ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ, വാഷിംഗ്ഡൺ സുന്ദർ എന്നിവരും ക്യാപ്റ്റൻ കൂളിനോട് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ സംഭാഷണങ്ങൾ മ്യൂട്ട് ചെയ്ത് പശ്ചാത്തല സംഗീതം നൽകിയിരിക്കുകയാണ്.
മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര തൂത്തുവാരിയ ശേഷമാണ് ഇന്ത്യ നാളെ ന്യൂസിലൻഡിനെതിരെ ഇറങ്ങുന്നത്. വൈകീട്ട് ഏഴു മണിക്കാണ് മത്സരം. ജനുവരി 29നും ഫെബ്രുവരി ഒന്നിനുമാണ് ശേഷമുള്ള ടി20 മത്സരങ്ങൾ.
Ahead of the first New Zealand T20, Dhoni visited the Indian team in Ranchi