മലാന് പകരം മര്‍ക്രാമിനെ ടീമിലെത്തിച്ച് പഞ്ചാബ് കിങ്സ്
ദക്ഷിണാഫ്രിക്കയുടെ ഈ വർഷത്തെ ട്വന്റി-20 ലോകകപ്പ് ടീമിലെ അംഗമായ ഈ വലം കൈയൻ ബാറ്റ്‌സ്മാൻ ആദ്യമായാണ് ഐപിഎല്ലിലെ ഒരു ടീമിന്‍റെ ഭാഗമാകുന്നത്
യുഎഇയിൽ നടക്കുന്ന ഐപിഎൽ 14 സീസണിന്റെ ബാക്കിയുള്ള മത്സരങ്ങളിൽ നിന്ന് അപ്രതീക്ഷിതമായി പിൻമാറിയ ഇംഗ്ലണ്ട് താരം ഡേവിഡ് മലാന് പകരം ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മർക്രാമിനെ ടീമിലെത്തിച്ച് പഞ്ചാബ് കിങ്സ്.
ദക്ഷിണാഫ്രിക്കയുടെ മുൻ ഏകദിന നായകനായ മർക്രാം 13 ട്വന്റി-20കളിൽ നിന്നായി 150 സ്‌ട്രൈക്ക് റേറ്റിൽ 405 റൺസ് നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഈ വർഷത്തെ ട്വന്റി-20 ലോകകപ്പ് ടീമിലെ അംഗമായ ഈ വലം കൈയൻ ബാറ്റ്‌സ്മാൻ ആദ്യമായാണ് ഐപിഎല്ലിലെ ഒരു ടീമിന്‍റെ ഭാഗമാകുന്നത്.ഇത്തവണ ഇദ്ദേഹത്തിന്റെ പേര് ലേലത്തിൽ വന്നെങ്കിലും ആരുമെടുത്തില്ല.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ ദക്ഷിണാഫ്രിക്കൻ ടീമിൽ മർക്രാമുണ്ട്.ഈ പരമ്പര സെപ്റ്റംബർ 14 ന് മാത്രമേ അവസാനിക്കൂ. പഞ്ചാബ് കിങ്‌സിന്റെ ആദ്യ മത്സരം സെപ്റ്റംബർ 21 നാണ്. കോവിഡ് നിബന്ധനകളുള്ളത് കൊണ്ട് പഞ്ചാബിന്റെ ആദ്യ മത്സരങ്ങളിൽ മർക്രാമിന്റെ സേവനം ലഭ്യമാകാനിടയില്ല.
മലാന് പുറമേ സൺറൈസേഴ്‌സിന്റെ താരമായ ജോണി ബെയര്‍സ്റ്റോയും ഡൽഹി ക്യാപിറ്റൽസ് താരമായ ക്രിസ് വോക്‌സും ഐപിഎല്ലിനുണ്ടാകില്ലെന്ന് ഇന്ന് അറിയിച്ചിരുന്നു.