അങ്ങനെ വിടില്ല; വിവാദഗോളിൽ അന്വേഷണം ആവശ്യപ്പെട്ട് എ.ഐ.എ.എഫ്
ന്യൂഡൽഹി: ഇന്ത്യയുടെ ലോകകപ്പ് യോഗ്യത പ്രതീക്ഷകൾക്കുമേൽ പതിച്ച ഖത്തറിന്റെ വിവാദഗോളിൽ നിലപാട് കടുപ്പിച്ച് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്). വിവാദഗോളിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എ.ഐ.എഫ്.എഫ് മാച്ച് കമീഷണർക്ക് പരാതി നൽകി. ഫിഫ, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ , എ.എഫ്.സി ഹെഡ് ഓഫ് റഫറി എന്നിവർക്ക് കത്ത് കൈമാറിയതായുംനീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നും ഫെഡറേഷൻ അധ്യക്ഷൻ കല്യാൺ ചൗബേ പ്രസ്താവനയിൽ പറഞ്ഞു.
മത്സരത്തിൽ ദക്ഷിണ കൊറിയൻ റഫറി കിം വൂ സുങ് ടച്ച് ലൈനിന് പുറത്തേക്ക് പോയ പന്തെടുത്ത് ഖത്തർ നേടിയ ഗോൾ അനുവദിച്ചതിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. മാച്ച് കമീഷണർക്ക് പരാതി നൽകിയതായും എല്ലാത്തിനെക്കുറിച്ചും വിശദ അന്വേഷണം വേണമെന്നും എ.ഐ.എഫ്.എഫ് ഒഫീഷ്യൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു.
മത്സരത്തിൽ 1-0ത്തിന് ഇന്ത്യ മുന്നിൽ നിൽക്കവേയാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്. 73ാം മിനിറ്റിൽ യൂസുഫ് അയ്മനിന്റെ വിവാദ ഗോളിലൂടെ ഖത്തർല സമനില പിടിച്ചു. പുറത്തുപോയെന്ന് ഉറപ്പിച്ച് ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു ഒഴിവാക്കിയ പന്ത് വീണ്ടും കളത്തിലേക്ക് തട്ടിയ അയ്ദിനിൽനിന്ന് സ്വീകരിച്ച് യൂസഫ് അയ്മൻ പോസ്റ്റിലേക്കടിക്കുകയായിരുന്നു. വീഡിയോ ദൃശ്യങ്ങളിൽ പന്ത് പുറത്ത് പോയെന്ന് വ്യക്തമായെങ്കിലും റഫറി അനുവദിച്ചില്ല. 85ാം മിനിറ്റിൽ മികച്ചൊരു ഷോട്ടിലൂടെ അഹ്‌മദ് അൽ റവാബി ഖത്തറിനെ വിജയത്തിലെത്തിക്കുകയായിരുന്നു.