"കോഹ്ലിയെ തിരിച്ചു കൊണ്ടുവരാൻ അയാൾക്ക് മാത്രമേ കഴിയൂ"- ജഡേജ.

2019ന് ശേഷം കോഹ്ലിക്ക് ഒരു സെഞ്ച്വറി പോലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടാനായിട്ടില്ല

Update: 2022-07-16 13:58 GMT
Advertising

കരിയറിലെ തന്‍റെ ഏറ്റവും മോശം ഫോമിലൂടെ കടന്നു പോവുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഐ.പി.എല്ലിൽ തുടങ്ങിയ മോശം ഫോം ഇം​ഗ്ലണ്ട് പര്യടനത്തിലും തുടരുകയാണ് താരം. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ വലിയ സംഭാവനകൾ ഒന്നും നൽകാനാവാതിരുന്ന കോഹ്ലി ടി20 പരമ്പരയിലും ഏകദിന പരമ്പരയിലും മോശം ഫോമിലാണ് നീങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ 100 റണ്‍സിന്‍റെ ദയനീയ പരാജയം രുചിച്ച രണ്ടാം ഏകദിനത്തിൽ 16 റൺസായിരുന്നു കോഹ്ലിയുടെ ആകെ സമ്പാദ്യം.

വിരാട് കോഹ്ലിയെ തിരിച്ചു കൊണ്ടു വരാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് മാത്രമേ കഴിയൂ എന്ന് പറയുകയാണിപ്പോള്‍ മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ അജയ് ജഡേജ.  "കോഹ്‍ലിയെ തിരിച്ചു കൊണ്ടു വരാന്‍ ഒരാള്‍ക്ക് മാത്രമേ കഴിയൂ. അത് സച്ചിനാണ്. കോഹ്‍ലി സച്ചിനെ വിളിച്ചില്ലെങ്കില്‍ സച്ചിന്‍ കോഹ്‍ലിയെ വിളിക്കണം. ഒരു ഡിന്നറിന് ക്ഷണിച്ച് ഒപ്പമിരുത്തി സംസാരിക്കണം. സച്ചിനല്ലാതെ മറ്റാര്‍ക്കും കോഹ്ലിയെ ഈ സാഹചര്യത്തില്‍ സഹായിക്കാനാകില്ല. 14 വയസുമുതല്‍ സജീവ ക്രിക്കറ്റിലുള്ള സച്ചിന് കോഹ്ലിയെ തിരിച്ചെത്തിക്കാന്‍ സാധിക്കും"- ജഡേജ പറഞ്ഞു. 

 2019ന് ശേഷം കോഹ്ലിക്ക് ഒരു സെഞ്ച്വറി പോലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടാനായിട്ടില്ല. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ കോഹ്ലി‍ അമ്പേ പരാജയമായിരുന്നു.  11, 20 എന്നിങ്ങനെയായിരുന്നു രണ്ട് ഇന്നിംഗ്സുകളിലായി കോഹ്‍ലിയുടെ സ്കോറുകള്‍. രണ്ടാം ടി20യില്‍ ഒരു റണ്‍സിന് പുറത്തായ കോഹ്‍ലി അവസാന ടി 20 യില്‍ 11 റണ്‍സാണ് എടുത്തത്. രണ്ടാം ഏകദിനത്തില്‍ 16 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. 

ക്രിക്കറ്റ് ഇതിഹാസങ്ങളായ കപിൽ ദേവ്, വിരേന്ദർ സെവാഗ് എന്നിവരെല്ലാം കോഹ്‌ലിക്കെതിരെ തിരിഞ്ഞിട്ടുണ്ട്. കഴിവുള്ള നിരവധി പേർ പുറത്തുണ്ടെന്നും അവർക്ക് അവസരം നൽകണമെന്നുമാണ് മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ പറയുന്നത്. അതിനിടെ വിൻഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമിൽ നിന്ന് കോഹ്ലിയെ ഒഴിവാക്കി. രണ്ടര വർഷത്തോളമായി ഒരു അന്താരാഷ്ട്ര സെഞ്ച്വറിപോലും കോഹ്‍ലിക്ക് നേടാനായിട്ടില്ല.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News