''രാഹുല്‍ വളരെ മോശം ക്യാപ്റ്റന്‍, ഒട്ടും നേതൃഗുണമില്ല'' രൂക്ഷ വിമര്‍ശനവുമായി ജഡേജ

വിരാട് കോഹ്‍ലിക്ക് ശേഷം ഇന്ത്യന്‍ ടീമിന്‍റെ നായകസ്ഥാനത്തേക്ക് പോലും പരിഗണിക്കപ്പെടുന്ന താരമാണ് രാഹുല്‍

Update: 2021-10-04 13:06 GMT
Editor : Roshin | By : Web Desk
Advertising

ഐപിഎല്ലില്‍ വളരെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന താരമാണ് കെ.എല്‍ രാഹുല്‍. വിരാട് കോഹ്‍ലിക്ക് ശേഷം ഇന്ത്യന്‍ ടീമിന്‍റെ നായകസ്ഥാനത്തേക്ക് പോലും പരിഗണിക്കപ്പെടുന്ന താരമാണ് രാഹുല്‍. എന്നാല്‍ താരത്തിന്‍റെ നായകത്വത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ.

മറ്റു ക്യാപ്റ്റൻമാരേക്കുറിച്ചും അവരുടെ തീരുമാനങ്ങളേക്കുറിച്ചും എല്ലാവരും ചർച്ച ചെയ്യാറുണ്ട്. എന്നാൽ രാഹുലിന്റെ കാര്യം ഇത്തരത്തിൽ ചർച്ച ചെയ്യുന്നത് കേട്ടിട്ടുണ്ടോയെന്ന് ജഡേജ ചോദിക്കുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലായി രാഹുലാണ് പഞ്ചാബ് കിങ്സിന്റെ നായകൻ. വ്യക്തിപരമായി രാഹുൽ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ടീമിന് കാര്യമായ നേട്ടങ്ങളില്ല. രാഹുല്‍ നയിച്ച 25 മത്സരങ്ങളില്‍ 11 തവണ ജയം കണ്ടെത്താന്‍ ടീമിനായപ്പോള്‍ 14 തവണയും തോല്‍വിയായിരുന്നു ഫലം. കഴിഞ്ഞ രണ്ട് സീസണുകളിലും ആറാം സ്ഥാനത്തായിരുന്നു പഞ്ചാബ്. ഈ സീസണിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പഞ്ചാബിനായിട്ടില്ല.

"കെഎൽ രാഹുലിനെ നോക്കൂ, കഴിഞ്ഞ രണ്ട് സീസണുകളിലായി പഞ്ചാബിന്റെ നായകനാണ് അദ്ദേഹം. പക്ഷേ കൊള്ളാവുന്നൊരു ക്യാപ്റ്റനാണ് രാഹുലെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. ടീമെന്ന നിലയിൽ പഞ്ചാബ് മികച്ചു നില്‍ക്കുമ്പോഴോ മോശം പ്രകടനം കാഴ്ച വെക്കുമ്പോഴോ അദ്ദേഹത്തെക്കുറിച്ച് നാം സംസാരിക്കാറില്ല. പഞ്ചാബിന്റെ പ്ലേയിങ് ഇലവന്റെ കാര്യത്തിലും ടീമിൽ വരുത്തുന്ന മാറ്റങ്ങളുടെ കാര്യത്തിലും രാഹുൽ ഇടപെടുന്നുണ്ടെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ?." ജഡേജ പറഞ്ഞു

"ഏതൊരാളും ഇന്ത്യൻ ക്യാപ്റ്റനാകുന്നത് അദ്ദേഹത്തിന്റേതായ ചില നയങ്ങളുടെ അടിസ്ഥാനത്തിലാണ്. അത്തരമൊരു നയമൊന്നും രാഹുലിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല. കളത്തില്‍ ധോനിയേപ്പോലെ വളരെ ശാന്തനായാണ് അദ്ദേഹം കാണപ്പെടുന്നത്. ഇത്തരം ചില നല്ല ഗുണങ്ങളുണ്ടെങ്കിലും അടിസ്ഥാനപരമായി വേണ്ടത് നേതൃ ഗുണമാണ്" ജഡേജ കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News