ഒന്നിനു പിറകെ ഒന്നായി ദുരന്തങ്ങൾ; വിധിയോട് പടവെട്ടി ആകാശ് ദീപിന്റെ ക്രിക്കറ്റ് കരിയർ
2019ൽ ബംഗാളിനായി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ അവസരമൊരുങ്ങിയത് ജീവിതത്തിലെ വഴിത്തിരിവായി.
റാഞ്ചി: പിതാവിന്റെയും സഹോദരന്റേയും വിയോഗം... ക്രിക്കറ്റിലേക്കുള്ള വഴികൾ ഓരോന്നായി കൊട്ടിയടക്കപ്പെട്ട ദുരിതകാലം. ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെയെല്ലാം അതി ജീവിച്ചാണ് ആകാശ് ദീപ് എന്ന ക്രിക്കറ്റർ ഇന്ന് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് ചുവടുവെച്ചത്. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ അത്ഭുത പ്രകടനം പുറത്തെടുത്ത 27കാരൻ വരാനിരിക്കുന്നത് തന്റെ ദിനങ്ങളാണെന്ന് അടിവരയിടുക കൂടിയാണ്. ജസ്പ്രീത് ബുംറക്ക് പകരക്കാരനായി ഇന്ത്യൻ സെലക്ടർമാർ ബംഗാൾ പേസറെ പരിഗണിച്ചത് ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനം കൃത്യമായി മനസിലാക്കിയാണ്.
Words that inspire 🗣️ ft. Rahul Dravid
— BCCI (@BCCI) February 23, 2024
Dreams that come true 🥹
A debut vision like never seen before 🎥
Akash Deep - What a story 📝#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/vSOSmgECfC
ബിഹാറിലെ സാധാരണ കുടുംബാംഗമായാണ് ആകാശ് ദീപിന്റെ ജനനം. കുട്ടിക്കാലത്ത് തന്നെ ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആവേശം. എന്നാൽ മറ്റു പല മാതാപിതാക്കളേയും പോലെ മകൻ ക്രിക്കറ്റ് കളിച്ചു നടക്കുന്നതിനോട് അധ്യാപകനായ പിതാവിന് താൽപര്യമുണ്ടായിരുന്നില്ല. പഠിച്ച് ജോലി നേടണമെന്ന് പിതാവ് രാംജി സിങ് നിരന്തരം ഉപദേശിച്ചു കൊണ്ടേയിരുന്നു. ക്രിക്കറ്റിന് അത്ര അനുകൂല സാഹചര്യമല്ല തന്റെ ഗ്രാമത്തിലെന്ന് തിരിച്ചറിഞ്ഞ ആകാശ് ബംഗാളിലുള്ള അമ്മാവന്റെ വീട്ടിലേക്ക് പറിച്ചു നടപ്പെട്ടു. അങ്ങനെ 2010ൽ തന്റെ 14ാം വയസിൽ വംഗനാട്ടിലേക്ക് ചേക്കേറി. ഉയരക്കാരനായ ആകാശിനോട് ഫാസ്റ്റ് ബൗളിങിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ പരിശീലകർ ആവശ്യപ്പെട്ടു.
A wonderful moment after Akash Deep was handed his test cap. You are never too old or big to seek your mother's blessings. pic.twitter.com/cauAM3JX7b
— Zucker Doctor (@DoctorLFC) February 23, 2024
ഇതിനിടെ പിതാവിന് വാതരോഗം പിടിപെട്ടതോടെ വീണ്ടും സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ പിതാവിന് ആശുപത്രിയിൽ പ്രവേശിക്കേണ്ടിവന്നു. ബിഹാറിലെ ദെഹ്രിയിലെ ഗ്രാമത്തിൽ നിന്നും ദിനേനെ 150 കിലോ മീറ്റർ ദൂരെയുള്ള ആശുപത്രിയിലാണ് ചികിത്സക്കെത്തിയത്. അഞ്ചുവർഷത്തെ ചികിത്സക്ക് ശേഷം പിതാവ് മരണപ്പെട്ടു. ആറുമാസത്തിനുള്ളിൽ ജ്യേഷ്ഠ സഹോദരനെയും നഷ്ടമായി. വേഗത്തിൽ ആശുപത്രിയിലെത്തിക്കാനാവാത്തതാണ് മരണകാരണമായത്.
ഇതോടെ കുടുംബത്തെ സംരക്ഷിക്കേണ്ടത് ആകാശിന്റെ ചുമലിലായി. ക്രിക്കറ്റിനോട് എന്നന്നേക്കുമായി വിടപറായൻ പോലും താരം പലകുറി ചിന്തിച്ചു. എന്നാൽ സുഹൃത്തുക്കൾ ഇതിന് അനുവദിച്ചില്ല. കൊൽക്കത്തയിലെ പ്രാദേശിക ക്ലബിനായി ക്രിക്കറ്റ് കളിച്ച് വീണ്ടും മൈതാനത്ത് സജീവമായി. വെറുതെ കളിച്ച് നടക്കുകയായിരുന്നില്ല, ടൂർണമെന്റ് കളിച്ച് ലഭിക്കുന്ന വരുമാനംകൊണ്ട് കുടുംബത്തെ സംരക്ഷിക്കുക കൂടിയായിരുന്നു ലക്ഷ്യം.
2019ൽ ബംഗാളിനായി ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറാൻ അവസരമൊരുങ്ങിയത് ജീവിതത്തിലെ വഴിത്തിരിവായി. രഞ്ജി ട്രോഫിയിലടക്കം നടത്തിയ പേസ് ബൗളിങ് പ്രകടനം ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ റഡാറിലെത്തിച്ചു. 20 ലക്ഷം രൂപയുടെ അടിസ്ഥാന വിലയിൽ കഴിഞ്ഞ വർഷം ആർസിബി താരത്തെ ലേലത്തിൽപിടിച്ചു. 2022ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിനായും ആകാശ് ദീപ് കളിച്ചു. ഒടുവിൽ 313മത് ഇന്ത്യൻ താരമായി ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം. ഇന്ത്യൻ ക്യാപ് പരിശീലകൻ രാഹുൽ ദ്രാവിഡിൽ നിന്ന് ഏറ്റുവാങ്ങുമ്പോൾ തൊട്ടടുത്തായി ആകാശിന്റെ അമ്മയുണ്ടായിരുന്നു. മത്സരത്തിന് തൊട്ടുമുൻപായി അമ്മയുടെ അനുഗ്രഹം വാങ്ങിയാണ് താരം ഇന്ത്യക്കായി ആദ്യ പന്ത് എറിയാനെത്തിയത്.