"പ്രതിഭയാണ് പക്ഷെ സഞ്ജു നിർഭാഗ്യവാൻ"- ശുഐബ് അക്തർ
പ്രമുഖ സ്‌പോർട്ട്‌സ് പോർട്ടലായ സ്‌പോർട്ട്‌സ് കീഡ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അക്തര്‍
മലയാളി താരം സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിക്കേണ്ടിയിരുന്നുവെന്ന് മുൻ പാക് ബൗളർ ശുഐബ് അക്തർ. ഇന്ന് ഐ.പി.എല്ലിൽ ബാഗ്ലൂർ- രാജസ്ഥാൻ മത്സരത്തിന് മുന്നോടിയായി പ്രമുഖ സ്‌പോർട്ട്‌സ് പോർട്ടലായ സ്‌പോർട്ട്‌സ് കീഡ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഇന്ത്യക്കായി സഞ്ജു കൂടുതൽ മത്സരങ്ങൾ കളിക്കേണ്ടിയിരുന്നു. നിർഭാഗ്യവശാൽ ഇന്ത്യൻ ടീമിൽ അയാൾക്ക് സ്ഥിരസാന്നിധ്യമാകാൻ കഴിഞ്ഞില്ല. ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളാണയാൾ"- അക്തർ പറഞ്ഞു
ഇന്ത്യക്കായി 13 ടി 20 മത്സരങ്ങളിലും ഒരു ഏകദിനത്തിലുമാണ് സഞ്ജുവിന് ആകെ കളിക്കാൻ അവസരം ലഭിച്ചത്. 2011 ലാണ് സഞ്ജു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തന്‍റെ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ശ്രീലങ്കൻ പര്യടനത്തിൽ സഞ്ജു ടീമിൽ ഇടം നേടിയിരുന്നു. രണ്ട് മത്സരങ്ങളിലാണ് പരമ്പരയില്‍ സഞ്ജുവിന് കളിക്കാൻ അവസരം ലഭിച്ചത്. ആദ്യ മത്സരത്തിൽ 39 ഉം രണ്ടാം മത്സരത്തിൽ 18 റൺസുമാണ് സഞ്ജു എടുത്തത്.
ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്‍റെ ക്യാപ്റ്റനാണ് സഞ്ജു. സീസണിലെ രണ്ടു മത്സരങ്ങളും ജയിച്ച രാജസ്ഥാൻ പോയിന്‍റ് പട്ടികയിൽ ഒന്നാമതാണ്. മൂന്നാം മത്സരത്തിൽ രാജസ്ഥാന്‍ ഇന്ന് ബാഗ്ലൂരിനെ നേരിടും.