ബാറ്റെടുത്ത് തല്ലാനൊരുങ്ങി ആസിഫ് അലി, ഇടപെട്ട് അമ്പയർ, നാടകീയ രംഗങ്ങൾ

ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് പാകിസ്താന്‍ സ്വന്തമാക്കിയത്

Update: 2022-09-08 02:54 GMT
Editor : rishad | By : Web Desk
Advertising

ദുബൈ: ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലെ മത്സരത്തിൽ നാടകീയ രംഗങ്ങൾ. മത്സരത്തിൽ അവസാന ഓവറിൽ പാകിസ്താൻ ജയം സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താൻ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 129 റൺസ്. എളുപ്പത്തിൽ പാകിസ്താൻ വിജയലക്ഷ്യം മറികടക്കുമെന്ന് കരുതിയെങ്കിലും കാര്യങ്ങൾ അങ്ങനെയായില്ല. അവസാന ഓവറിലാണ് പാകിസ്താൻ വിജയം നേടിയത്. പാക് വിക്കറ്റുകൾ ഇടയ്ക്കിടെ വീഴുന്നുണ്ടായിരുന്നു.

അതിനിടയിലാണ് അഫ്ഗാനിസ്താന്‍ ബൗളർ ഫരീദ് അഹമ്മദും പാകിസ്താന്റെ ആസിഫ് അലിയും തമ്മില്‍ പരസ്യമായി കൊമ്പുകോർത്തത്. 19 ഓവറിലെ അഞ്ചാം പന്തിൽ ഫരീദ് അഹമ്മദിന് ആസിഫ് അലിയുടെ വിക്കറ്റ് ലഭിച്ചപ്പോഴായാണ് സംഭവം.  അതിന് മുമ്പത്തെ ഓവറിൽ ഫരീദിനെ ആസിഫ് സിക്‌സർ പറത്തിയിരുന്നു. അവിടം മുതൽ ഇരുവരും തുറിച്ച് നോക്കിയിരുന്നു. എന്നാൽ 19ാം ഓവറിൽ ആസിഫിന്റെ വിക്കറ്റ് ലഭിച്ചതിന് പിന്നാലെ ഫരീദ് ആഘോഷിക്കാൻ തുടങ്ങുന്നതിന് മുമ്പെ ആസിഫ് അലിയോട് എന്തോ പറഞ്ഞു.

പവലിയനിലേക്ക് നടക്കുകയായിരുന്ന ആസിഫ് അലി തിരിഞ്ഞുനിന്ന് ബാറ്റെടുത്ത് അടിക്കാനൊരുങ്ങുകയായിരുന്നു. അമ്പയർമാരും അഫ്ഗാന്റെ സഹകളിക്കാരും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ക്രിക്കറ്റ് കളിയുടെ മാന്യതക്ക് നിരക്കാത്ത സമീപനമാണ് രണ്ട് പേരും കാണിച്ചതെന്ന് വീഡിയോ പങ്കുവെച്ച് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നു. മത്സരത്തിൽ ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് പാകിസ്താൻ സ്വന്തമാക്കിയത്. വാലറ്റത്ത് നിന്ന് നസീം ഷാ നേടിയ രണ്ട് സിക്‌സറുകളാണ് പാകിസ്താന് ഫൈനൽ ടിക്കറ്റ് നേടിക്കൊടുത്തത്.

അവസാന ഓവറിൽ രണ്ട് സിക്‌സറുകൾ കണ്ടെത്തിയ നസീം ഷാ അഫ്ഗാനിസ്തൻ ഉയർത്തിയ ലക്ഷ്യം മറികടക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ 110ന് എട്ട് എന്ന നിലയിലായിരുന്നു. അഫ്ഗാനിസ്താൻ വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും നസീം ഷാ അതിന് അനുവദിച്ചില്ല. 36 റൺസ് നേടിയ ഷദബ് ഖാനാണ് പാകിസ്താന്റെ ടോപ് സ്‌കോറർ. ഇഫ്തിഖാർ അഹമ്മദ് 30 റൺസ് നേടി. തോല്‍വിയോടെ അഫ്ഗാനിസ്താനും ഇന്ത്യയും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ശ്രീലങ്കയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടും.  

Watch Video

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News