ടി20 ലോകകപ്പ്: വിൻഡീസ് ടീമിൽ നിന്ന് സൂപ്പർ താരങ്ങൾ പുറത്ത്
സി.പി.എല്ലിലെ മോശം ഫോം റസ്സലിന് തിരിച്ചടിയായപ്പോൾ താല്പര്യം പ്രകടിപ്പിക്കാത്തതു കൊണ്ടാണ് നരെയ്നെ ഒഴിവാക്കിയത്
വെറ്ററൻ ഓൾറൗണ്ടർമാരായ ആന്ദ്രേ റസ്സലിനെയും സുനിൽ നരെയ്‌നെയും പുറത്തിരുത്തി വെസ്റ്റ് ഇൻഡീസ് ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ കാരണം സമീപകാലത്തൊന്നും ടീമിൽ ഇടം ലഭിക്കാതിരുന്ന ഓപ്പണർ എവിൻ ലൂയിസിനെയും രണ്ട് പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയാണ് 15 അംഗ ടീമിനെ തീരുമാനിച്ചത്. നിക്കൊളാസ് പൂരൻ ടീമിനെ നയിക്കും. റൊവ്മാൻ പൊവൽ ആണ് വൈസ് ക്യാപ്ടൻ.
പരിചയ സമ്പത്തിനും യുവത്വത്തിനും തുല്യപ്രാധാന്യം നൽകിയാണ് ടീമൊരുക്കിയതെന്നും കരീബിയൻ പ്രീമിയർ ലീഗിലെ (സി.പി.എൽ) കളിക്കാരുടെ പ്രകടനങ്ങൾ മുഖവിലക്കെടുത്തിട്ടുണ്ടെന്നും ചീഫ് സെലക്ടർ ഡെസ്മണ്ട് ഹെയ്ൻസ് പറഞ്ഞു.
'നടന്നുകൊണ്ടിരിക്കുന്ന സി.പി.എല്ലിലെ കളിക്കാരുടെ പ്രകടനം വിലയിരുത്തുമെന്നും നന്നായി കളിക്കുന്നവർക്ക് അവസരം നൽകുമെന്നും ചുമതലയേറ്റ സമയത്തു തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്. കൂടുതൽ കളിക്കാർക്ക് അവസരം നൽകുക എന്നതാണ് എന്റെ പദ്ധതി. മികച്ച ടീമിനെ തന്നെയാണ് സെലക്ട് ചെയ്തിട്ടുള്ളത് എന്നാണെന്റെ വിശ്വാസം.' - ഹെയ്ൻസ് പറഞ്ഞു. ടീമിൽ ഇടംനേടാത്തവർ തുടർന്നും കഠിനാധ്വാനം ചെയ്യണമെന്നും പരിക്ക് പോലുള്ള അടിയന്തര ഘട്ടങ്ങളിൽ പുറത്തുനിന്ന് കളിക്കാരെ എടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടി20 സ്‌പെഷ്യലിസ്റ്റുകളായ റസ്സലിനും നരെയ്‌നും ടീമിൽ ഇടം ലഭിക്കാതിരുന്നത് ഫോമില്ലായ്മ കാരണമാണെന്നാണ് സെലക്ടർമാർ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പ് ടീമിലുണ്ടായിരുന്ന റസ്സലിന് സി.പി.എല്ലിൽ ട്രിംബാഗോ നൈറ്റ് റൈഡേഴ്‌സിനു വേണ്ടി മികവ് പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. നാല് ഇന്നിങ്‌സിൽ നിന്ന് 17 റൺസ് മാത്രമാണ് കൂറ്റനടിക്കാരനായ 34-കാരന്റെ സമ്പാദ്യം.
2019-നു ശേഷം വിൻഡീസ് ടീമിനു വേണ്ടി കളിച്ചിട്ടില്ലാത്ത നരെയ്ൻ താൽപര്യം പ്രകടിപ്പിക്കാത്തതിനെ തുടർന്നാണ് ടീമിലെടുക്കാതിരുന്നത് എന്ന് ഹെയ്ൻസ് വ്യക്തമാക്കി: 'നരെയ്‌നെ വിളിച്ചുവെന്നാണ് ക്യാപ്ടൻ എന്നോട് പറഞ്ഞത്. പക്ഷേ, അദ്ദേഹത്തിന് കളിക്കാൻ താൽപര്യമില്ലെന്നാണ് മനസ്സിലാവുന്നത്.' വ്യക്തിപരമായ കാരണങ്ങളാൽ ബൗളിങ് ആൾറൗണ്ടറായ ഫാബിയൻ അലനും ടീമിൽ നിന്നു വിട്ടുനിൽക്കുന്നുണ്ട്.
ടി20യിൽ വിൻഡീസിനു വേണ്ടി ഇതുവരെ കളിച്ചിട്ടില്ലാത്ത ആൾറൗണ്ടർ യാനിക് കറിയ, റിസ്റ്റ് സ്പിന്നർ ഹെയ്ഡൻ വാൽഷ് എന്നിവർ ടീമിൽ ഇടംനേടി. ഈ സീസൺ സി.പി.എല്ലിൽ ഒരു ടീമിലും അവസരം ലഭിച്ചിട്ടില്ലാത്ത കറിയ കരിയറിൽ ഇതുവരെ നാല് ടി20 മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ. കഴിഞ്ഞ മാസം നടന്ന വിൻഡീസ് - ന്യൂസിലാന്റ് ഏകദിന പരമ്പരയിൽ കറിയ ടീമിലുണ്ടായിരുന്നു.
ടീം ഇങ്ങനെ:
നിക്കൊളാസ് പൂരൻ, ഷിംറോൺ ഹെറ്റ്‌മെയർ, എവിൻ ലൂയിസ്, റൊവ്മാൻ പൊവൽ, ജേസൺ ഹോൾഡർ, കെയ്ൽ മെയേഴ്‌സ്, യാനിക് കറിയ, അകീൽ ഹുസൈൻ, ഒബെദ് മക്കോയ്, ജോൺസൺ ചാൾസ്, അൾസാറി ജോസഫ്, റെയ്‌മോൻ റീഫർ, ഷെൽഡൻ കോട്ട്‌റൽ, ബ്രാൻഡൻ കിങ്, ഒഡിയൻ സ്മിത്ത്.
ഓസ്‌ട്രേലിയയിൽ നടക്കുന്ന ലോകകപ്പിന്റെ സൂപ്പർ 12 ഘട്ടത്തിലേക്ക് ഇന്ത്യയടക്കം എട്ട് ടീമുകൾക്കാണ് പ്രവേശനം ലഭിച്ചിട്ടുള്ളത്. ബാക്കിയുള്ള നാല് സ്ലോട്ടുകൾക്കു വേണ്ടി ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടക്കുന്നുണ്ട്. സ്‌കോട്ട്‌ലന്റ്, സിംബാബ്‌വെ, അയർലാന്റ് ടീമുകൾക്കൊപ്പമാണ് വിൻഡീസ് ഗ്രൂപ്പ് മത്സരം കളിക്കുക. നമീബിയ, നെതർലാന്റ്‌സ്, ശ്രീലങ്ക, യു.എ.ഇ ടീമുകൾ മറ്റൊരു ഗ്രൂപ്പിലും മത്സരിക്കും.