ബാറ്റ് ചതിച്ചു, ഫോറടിച്ച മാത്യൂസ് ഔട്ട്; ശ്രീലങ്ക-അഫ്ഗാൻ മത്സരത്തിൽ നാടകീയ പുറത്താകൽ-വീഡിയോ

നേരത്തെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ടൈംഡ് ഔട്ടായും താരം വാർത്തകളിൽ നിറഞ്ഞിരുന്നു. ക്രീസിൽ എത്തുന്നത് വൈകിയതിനാണ് അന്ന് ഒരു പന്തു പോലും നേരിടാതെ കൂടാരം കയറേണ്ടി വന്നത്.

Update: 2024-02-05 10:57 GMT
Editor : Sharafudheen TK | By : Web Desk
Advertising

കൊളംബോ: ഫോർ അടിച്ച ശ്രീലങ്കൻ വെറ്ററൻ താരം എയ്ഞ്ചലോ മാത്യൂസ് ഔട്ട്. എന്താണ് സംഭവിച്ചതെന്നറിയാതെ എല്ലാവരും ഒരുനിമിഷം അമ്പരന്നു. പിന്നീടാണ് കാര്യം മനസിലായത്. അഫ്ഗാൻ ബൗളർ ക്വയിസ് അഹമ്മദിന്റെ ലെഗ്‌സ്റ്റെമ്പിന് പുറത്ത് വന്ന പന്ത് ബാക്‌വേഡ് സ്‌ക്വയർലെഗിലേക്ക് കളിച്ചതായിരുന്നു ശ്രീലങ്കൻ താരം. പന്തടിച്ച് ബൗണ്ടറിലേക്ക് പറത്തിയെങ്കിലും ബാറ്റ് ചതിച്ചു. നേരെ പോയത് വിക്കറ്റിലേക്ക്. ഇതോടെ ക്രിക്കറ്റിലെ അപൂർവ്വ ഹിറ്റ് വിക്കറ്റിൽ പുറത്തായി മാത്യൂസ്.

നേരത്തെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ടൈംഡ് ഔട്ടായും താരം വാർത്തകളിൽ നിറഞ്ഞിരുന്നു. ക്രീസിൽ എത്തുന്നത് വൈകിയതിനാണ് അന്ന് ഒരു പന്തു പോലും നേരിടാതെ കൂടാരം കയറേണ്ടിവന്നത്. ഹെൽമറ്റ് പൊട്ടിയതു കാരണം മാറ്റിയെടുക്കാനായി സമയമെടുത്തതാണ് താരം ടൈംഡ് ഔട്ടാകാൻ കാരണം. എന്നാൽ അഫ്ഗാനെതിരെ സെഞ്ചുറിയുമായി മികച്ച പ്രകടനം നടത്തുന്നതിനിടെയാണ് ഹിറ്റ് വിക്കറ്റിൽ കുരുങ്ങി 36 കാരൻ പുറത്തായത്.

258 പന്തുകൾ നേരിട്ട മാത്യൂസ് 141 റൺസാണ് നേടിയത്. 16ാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്. മത്സരത്തിൽ ശ്രീലങ്ക പത്തുവിക്കറ്റിന് അഫ്ഗാനെ കീഴടക്കിയിരുന്നു. അഫ്ഗാൻ ആദ്യ ഇന്നിങ്‌സ് 198ലും രണ്ടാം ഇന്നിങ്‌സ് 296ലും അവസാനിച്ചു. ശ്രീലങ്ക ആദ്യ ഇന്നിങ്‌സിൽ 439 റൺസിന്റെ കൂറ്റൻ സ്‌കോറാണ് പടുത്തുയർത്തിയത്. മാത്യൂസിന് പുറമെ ദിനേശ് ചാന്ദിമലിന്റെ 107 റൺസുമായും തിളങ്ങി. രണ്ടാം ഇന്നിങ്‌സിൽ വിജയലക്ഷ്യമായ 56 റൺസ് വിക്കറ്റ് നഷ്ടമാകാതെ ആതിഥേയർ മറികടന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News