"അനുഷ്‌കയെങ്ങനെ ഗ്രൗണ്ടിലെത്തി ? "; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച
കോഹ്‍ലിക്കൊപ്പം ഗ്രൗണ്ടിലേക്കിറങ്ങാൻ എങ്ങനെയാണ് അനുഷ്കക്ക് അനുമതി ലഭിച്ചത് എന്നാണ് ആരാധകർ ചോദിക്കുന്നത്
ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം മൊഹാലിയിൽ നടക്കുമ്പോൾ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി തന്‍റെ കരിയറിലെ നിര്‍ണായകമായൊരു നാഴികക്കല്ല് പിന്നിടുകയാണ്. തന്‍റെ കരിയറിലെ നൂറാം ടെസ്റ്റിനാണ് കോഹ്‍ലി ഇന്ന് മൊഹാലിയിൽ പാഡു കെട്ടിയിറങ്ങിയത്. മത്സരത്തിന് തൊട്ട് മുമ്പ് കോഹ്‍ലിയെ ബി.സി.സി.ഐ അനുമോദിച്ചു. മറ്റു ടീമംഗങ്ങളുടെ സാന്നിധ്യത്തില്‍ കോച്ച് രാഹുൽ ദ്രാവിഡ് കോഹ്‍ലിക്ക് ബി.സി.സി.ഐ യുടെ ഉപഹാരം നൽകി. എന്നാൽ സോഷ്യൽ മീഡിയയിലെ ചർച്ച ഇപ്പോൾ അതൊന്നുമല്ല.
കളിക്കു മുമ്പ് കോഹ്‌ലിയെ അനുമോദിക്കുന്ന ചടങ്ങിൽ അദ്ദേഹത്തോടൊപ്പം ബോളിവുഡ് നടിയും അദ്ദേഹത്തിന്‍റെ ഭാര്യയുമായ അനുഷ്‌കാ ശർമയുമുണ്ടായിരുന്നു. ഇതിനെ ആരാധകർ ചോദ്യം ചെയ്യുകയാണിപ്പോൾ. എങ്ങനെയാണ് അനുഷ്‌ക ഈ സമയത്ത് ഗ്രൗണ്ടിലെത്തിയത് എന്നും ഇത് അനുവദിക്കാനാവുമോ എന്നും ആരാധകർ ചോദിക്കുന്നു.
പല കളിക്കാരുടേയും കുടുംബാഗങ്ങൾ അവരോടൊപ്പം കളികാണാനെത്താറുണ്ട്. എന്നാൽ അവരൊന്നും കളിക്കാരോടൊപ്പം ഗ്രൗണ്ടിലേക്കിറങ്ങാറില്ല. അനുഷ്‌ക എങ്ങനെയാണ് ഗ്രൗണ്ടിലെത്തിയത് എന്ന് ഇനിയും മനസ്സിലാവുന്നില്ല എന്നുമാണ് ഒരു ആരാധകന്‍ കുറിച്ചത്.
എന്നാൽ കോഹ്‍ലിയേയും യെയും അനുഷ്‌കയേയും പിന്തുണച്ചും ആരാധകർ രംഗത്തുണ്ട്.
സത്യസന്ധ്യമായി പറഞ്ഞാൽ കരിയറിൽ നൂറു ടെസ്റ്റുകൾ കളിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ഇതൊരു ദീർഘയാത്രയായിരുന്നെന്നും വിരാട് കോഹ്‍ലി പറഞ്ഞു. ബിസിസിഐ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കോഹ്‍ലിയുടെ പ്രതികരണം. ഈ മുഹൂർത്തം തനിക്കും കുടുംബത്തിനും കോച്ചിനും അമൂല്യ നിമിഷമാണെന്നും നൂറു ടെസ്റ്റുകൾ കളിക്കുന്ന 12ാം ഇന്ത്യൻ താരം പറഞ്ഞു.
കോഹ്‌ലിക്ക് മുമ്പ് 11 താരങ്ങൾ ഇന്ത്യക്കായി നൂറു ടെസ്റ്റ് തികച്ചിട്ടുണ്ട്. സുനിൽ ഗവാസ്‌കൾ, ദിലീപ് വെങ് സർക്കാർ, കപിൽദേവ്, സച്ചിൻ തെണ്ടുൽക്കർ, അനിൽ കുംബ്ല, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണൻ, വീരേന്ദർ സെവാഗ്, ഹർഭജൻ സിങ്, ഇഷാന്ത് ശർമ എന്നിവരാണ് ഇതിന് മുമ്പ് 100 ടെസ്റ്റുകളില്‍ ഇന്ത്യൻ ജഴ്‌സിയണിഞ്ഞവർ.