'ഏത് ടീമും ആഗ്രഹിച്ചുപോകും ഇങ്ങനെയൊരു ബൗളിങ് യൂണിറ്റിന്; ഇന്ത്യയെ പുകഴ്ത്തി ശ്രീലങ്കൻ പരിശീലകൻ
ഇന്ത്യയുമായുള്ള മത്സരത്തിന് തയ്യാറെടുക്കവെയാണ് ശ്രീലങ്കൻ പരിശീലകൻ ക്രിസ് സില്‍വര്‍വുഡ് ഇക്കാര്യം വ്യക്തമാക്കിയത്
മുംബൈ: ലോകത്ത് ഏതൊരു ടീമും ആഗ്രഹിക്കുന്ന ഒരു ബൗളിങ് യൂണിറ്റാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ടീം ഇന്ത്യയുടേതെന്ന് ശ്രീലങ്കന്‍ പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ്. ഇന്ത്യയുമായുള്ള മത്സരത്തിന് തയ്യാറെടുക്കവെയാണ് ക്രിസ് സില്‍വര്‍വുഡ് ഇക്കാര്യം വ്യക്തമാക്കിയത്.
'വളരെ കരുത്തുറ്റ ഒരു ബൗളിങ് യൂണിറ്റാണ് ഇന്ത്യയുടേത്. ലോകത്തിലെ ഏതൊരു ടീമും ഇതുപോലൊരു ബൗളിങ് നിരയെ ആഹ്രഹിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച വെല്ലുവിളിയാണ് ഇന്ത്യയ്‌ക്കെതിരായ മത്സരം- ക്രിസ് സില്‍വര്‍വുഡ് പറയുന്നു.
ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യയോടേറ്റുവാങ്ങിയ തോല്‍വി ടീമിലെ ഓരോ താരങ്ങളുടെയും പോരാട്ടവീര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ആ മത്സരത്തിന്‍റെ ഓര്‍മ ഉള്ളതുകൊണ്ട് തന്നെ താരങ്ങള്‍ ജയത്തിനായി ഒറ്റക്കെട്ടായി തന്നെ പോരടിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കളിച്ച ആറിലും ജയിച്ച ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് ബുംറയാണ്. 14 വിക്കറ്റുകളാണ് ബുംറയുടെ പേരിലുള്ളത്. 39 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. രണ്ട് മത്സരങ്ങൾ മാത്രം കളിച്ച മുഹമ്മദ് ഷമിയാകട്ടെ ഒമ്പത് വിക്കറ്റുകൾ വീഴ്ത്തിക്കഴിഞ്ഞു. 54 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് ശ്രദ്ധേയ പ്രകടനം.
സിറാജിന് ആറ് മത്സരങ്ങളിൽ നിന്ന് അത്രയും വിക്കറ്റുകളുണ്ട്. പരിക്കേറ്റങ്കിലും നാല് മത്സരങ്ങളിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ പാണ്ഡ്യയും പിന്നിലല്ല. ആകെ 36 വിക്കറ്റുകളാണ് പേസർമാർ വീഴ്ത്തിയത്. വിട്ടുകൊടുത്തത് 794 റൺസും.
ഇനി സ്പിന്നർമാരിൽ കുൽദീപ് യാദവും രവീന്ദ്ര ജഡേജയുമാണ് ആറ് മത്സരങ്ങളും കളിച്ചത്. കുൽദീപ് യാദവ് 10 വിക്കറ്റുമായി മുന്നേറുമ്പോൾ എട്ട് വിക്കറ്റുമായി രവീന്ദ്ര ജഡേജ തൊട്ടുതാഴെയുണ്ട്. രവിചന്ദ്ര അശ്വിന് ഇതുവരെ അവസരം കിട്ടിയിട്ടില്ല. 19 വിക്കറ്റുകളാണ് സ്പിന്നർമാർ വീഴ്ത്തിയത്. ഇന്ത്യ ആകെ വീഴ്ത്തിയ 55 വിക്കറ്റുകളിൽ 36ഉം പേസർമാരാണ് സംഭാവന ചെയ്തത്. 19 എണ്ണം സ്പിന്നർമാരും.