ഏഷ്യാകപ്പ്: ടീം ഇന്ത്യയുടെ ഫോട്ടോഷൂട്ടിന്റെ പിന്നണിക്കാഴ്ചകൾ പുറത്തുവിട്ട് ബി.സി.സി.ഐ
ഈ മാസാവസാനം ആരംഭിക്കുന്ന ഏഷ്യാകപ്പിൽ പാകിസ്താനാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ
കടുത്ത പരിശീലനം നടത്തി ഉപ ഭൂഖണ്ഡത്തിലെ ക്രിക്കറ്റ് ജേതാക്കളാകാൻ ഒരുങ്ങുന്ന ടീം ഇന്ത്യയുടെ ഫോട്ടോഷൂട്ടിന്റെ പിന്നണിക്കാഴ്ചകൾ പുറത്തുവിട്ട് ബി.സി.സി.ഐ. ടീമിലെ താരങ്ങളുടെ ഹെഡ്‌ഷോട്ട്‌സ് സെഷൻ സമയത്തെ കാഴ്ചകളടക്കമുള്ളവയാണ് ക്രിക്കറ്റ് ബോർഡ് ട്വിറ്ററിൽ പങ്കുവെച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ, വൈസ് ക്യാപ്റ്റൻ കെ.എൽ. രാഹുൽ, മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി എന്നിവരുടെയൊക്കെ ഫോട്ടോ ഷൂട്ടുകൾ ദൃശ്യങ്ങളിലുണ്ട്.
മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഏഷ്യാകപ്പിലെ ആദ്യ മത്സരങ്ങളിൽ അദ്ദേഹം ടീമിനൊപ്പമുണ്ടാകില്ല. ദ്രാവിഡിന്റെ അഭാവത്തിൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ വിവിഎസ് ലക്ഷ്മൺ ഇന്ത്യയുടെ പരിശീലകനാകും. സിംബാബ്‌വെക്കെതിരായ ഇന്ത്യൻ ടീമിന്റെ ഏകദിന പരമ്പരയിലും ദ്രാവിഡ് പങ്കെടുത്തിരുന്നില്ല. വിവിഎസ് ലക്ഷ്മണാണ് പരമ്പരയിലും ഇന്ത്യയുടെ പരിശീലകനായി ഉണ്ടായിരുന്നത്. ഈ മാസാവസാനം ആരംഭിക്കുന്ന ഏഷ്യാകപ്പിൽ പാകിസ്താനാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. ഓഗസ്റ്റ് 28നാണ് മത്സരം.
പരിക്കിന്റെ പിടിയിലായിരുന്ന വൈസ് ക്യാപ്റ്റൻ കെ.എൽ രാഹുൽ ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഫോമിലല്ലാത്ത കോഹ്ലി ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തി തിരിച്ചെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 2019 നവംബർ 23 നാണ് കോഹ്ലി അവസാനമായി സെഞ്ച്വറി നേടിയത്. മൂന്ന് വർഷം പിന്നിട്ടിട്ടും താരത്തിന് ഒരു സെഞ്ച്വറി നേടാനാകാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഫോമിലല്ലാത്ത കോഹ്ലിക്ക് ടി20 ലോകകപ്പിന് മുൻപ് ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യാ കപ്പ്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ രാഹുൽ ( വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ദീപക്ക് ഹൂഡ, റിഷഭ് പന്ത്, ദിനേഷ് കാർത്തിക്ക്, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, യുസ്‌വേന്ദ്ര ചഹൽ, രവി ബിഷ്‌നോയി, ഭുവനേശ്വർ കുമാർ, അർഷദീപ് സിങ്, ആവേശ് ഖാൻ.
Asia Cup: BCCI released the behind-the-scenes of Team India's photo shoot