ഏഷ്യാകപ്പ് ഫൈനൽ: ടോസ് ഭാഗ്യം പാകിസ്താന്, ശ്രീലങ്കയെ ബാറ്റിങിന് വിട്ടു
സൂപ്പർഫോറിൽ ശ്രീലങ്കയ്‌ക്കെതിരെ തന്നെ കളിച്ച ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് പാകിസ്താൻ ഇറങ്ങുന്നത്.
ദുബൈ: ഏഷ്യാകപ്പ് ഫൈനലിൽ ടോസ് നേടിയ പാകിസ്താൻ ശ്രീലങ്കയെ ബാറ്റിങിന് വിട്ടു. ടോസ് നേടിയ ടീമുകളാണ് ദുബൈയിൽ ജയിച്ചിട്ടുള്ളത്. കലാശക്കളിയിൽ ഈ വ്യവസ്ഥക്ക് മാറ്റം വരുമോ? ശ്രീലങ്കയ്ക്ക് അതിന് കഴിയുമോ, കാത്തിരിക്കാം. സൂപ്പർഫോറിൽ ശ്രീലങ്കയ്‌ക്കെതിരെ തന്നെ കളിച്ച ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് പാകിസ്താൻ ഇറങ്ങുന്നത്.
ഷദബ് ഖാൻ, പേസർ നസീം എന്നിവർ തിരിച്ചെത്തിയപ്പോൾ ഉസ്മാൻ, ഹസൻ എന്നിവർ പുറത്തായി. അതേസയം ശ്രീലങ്ക ടീമിൽ മാറ്റം വരുത്തിയിട്ടില്ല. പാകിസ്താനെ തോൽപിച്ച അതെ ടീമുമായാണ് ഫൈനലിന് ലങ്ക ഇറങ്ങുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ഹോങ്കോങ് ടീമുകളെ മറികടന്നാണ് ലങ്കയും പാകിസ്താനും ഫൈനലിൽ ഇടംപിടിച്ചത്. വെള്ളിയാഴ്ചത്ത മത്സരത്തിൽ പാകിസ്താനെ ശ്രീലങ്ക അഞ്ച് വിക്കറ്റിനാണ് തോൽപിച്ചിരുന്നത്.
കലാശപ്പോരാട്ടത്തിൽ തീപാറുമെന്നകാര്യം ഉറപ്പ്. ടൂർണമെന്‍റിൽ ഏറ്റവുമധികം ഞെട്ടിച്ചത് ലങ്കയാണ്. 11ൽ ഒമ്പത് മത്സരത്തിലും തോറ്റാണ് ടൂർണമെന്‍റിന്‍റെ സംഘാടകരായ ലങ്കൻ ടീം ദുബൈയിലെത്തിയത്. പ്രധാന കളിക്കാർക്കേറ്റ പരിക്ക്മൂലം അവസാന നിമിഷമായിരുന്നു യുവതാരങ്ങളെ ഉൾപെടുത്തി ടീം പ്രഖ്യാപിച്ചത്. ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ അഫ്ഗാനെ നേരിട്ട അവർ 105 റൺസിന് പുറത്തായി. എന്നാൽ ബംഗ്ലാദേശിനെതിരെ അവസാന ഓവറിലെ വിജയത്തിൽ ലങ്കർ സൂപ്പർ ഫോറിൽ എത്തുകയായിരുന്നു.
പാകിസ്താനെ സംബന്ധിച്ചിടത്തോളം നായകൻ ബാബർ അസം ഇനിയും ഫോമിലേക്കെത്തിയിട്ടില്ല. അതേസമയം മുഹമ്മദ് റിസ്വാൻ മികച്ച ഫോമിലാണ്. ഐ.സി.സിടി-20 റാങ്കിങിൽ ഒന്നും രണ്ടും സ്ഥാനത്ത് നിൽക്കുന്ന താരങ്ങളാണ് റിസ്വാനും അസമും.