നൂറാം ടെസ്റ്റിൽ സെഞ്ച്വറി! റെക്കോർഡ് പുസ്തകത്തിൽ ഇനി വാർണറും

ഏകദിനത്തിലും ടെസ്റ്റിലും നൂറാം മത്സരത്തിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാണ് ഡേവിഡ് വാർണർ

Update: 2022-12-27 05:05 GMT
Editor : Shaheer | By : Web Desk
Advertising

മെൽബൺ: രണ്ടു വർഷത്തെ സെഞ്ച്വറി വരൾച്ചയ്ക്ക് അന്ത്യമിട്ട് ആസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാംദിനം സെഞ്ച്വറിയുമായി റെക്കോർഡ് പുസ്തകത്തിലും ഇടംപിടിച്ചിരിക്കുകയാണ് താരം. നൂറാം ടെസ്റ്റിൽ കരിയറിലെ 25-ാം സെഞ്ച്വറിയാണ് താരം കുറിച്ചത്.

2020 ജനുവരിയിലാണ് വാർണർ അവസാനമായി ടെസ്റ്റിൽ സെഞ്ച്വറി കണ്ടെത്തിയത്. 144 പന്തു മാത്രം നേരിട്ടായിരുന്നു താരം ശതകം കടന്നത്. ടെസ്റ്റിൽ 8,000 റൺസ് പിന്നിടുകയും ചെയ്തു. ടെസ്റ്റിൽ ഈ നാഴികക്കല്ല് പിന്നിടുന്ന എട്ടാമത്തെ മാത്രം താരമാകുകയും ചെയ്തു വാർണർ. നൂറാം ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ആസ്‌ട്രേലിയൻ താരമെന്ന സവിശേഷതയും സ്വന്തം പേരിലാക്കി. ഇതിനുമുൻപ് മുൻ ആസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങാണ് ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത്. ഏകദിനത്തിലും ടെസ്റ്റിലും നൂറാം മത്സരത്തിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരവുമാണ് വാര്‍ണര്‍. മുൻ വെസ്റ്റിൻഡീസ് താരം ഗോർഡൻ ഗ്രീനിഡ്ജ് ആണ് ഇത്തരമൊരു നേട്ടം സ്വന്തമാക്കിയ ആദ്യത്തെ താരം.

ആദ്യദിനത്തെ 32ൽനിന്ന് തുടങ്ങിയ വാർണർ ഇന്ന് പ്രോട്ടിയാസ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കുന്നതാണ് കണ്ടത്. അതിവേഗം സെഞ്ച്വറി കണ്ടെത്തിയ താരം 150ഉം പിന്നിട്ടു. സ്റ്റീവൻ സ്മിത്തിനെ കൂട്ടുപിടിച്ചാണ് വാർണറുടെ പടയോട്ടം. നിലവിൽ രണ്ടിന് 262 എന്ന ശക്തമായ നിലയിലാണ് ആസ്‌ട്രേലിയ. വാർണർ 153 റൺസുമായും സ്മിത്ത് 73 റൺസുമായും പുറത്താകാതെ നിൽക്കുന്നു.

ആദ്യദിനം ദക്ഷിണാഫ്രക്ക 189 റൺസിന് പുറത്തായിരുന്നു. അർധസെഞ്ച്വറികൾ നേടിയ കൈൽ വെറെയ്‌നും(52) മാർക്കോ യാൻസനു(59)മാണ് നാണക്കേടിൽനിന്ന് സന്ദർശകരെ രക്ഷിച്ചത്. അഞ്ചു വിക്കറ്റുമായി കാമറോൺ ഗ്രീനാണ് ദക്ഷിണാഫ്രിക്കൻ ചിറകരിഞ്ഞത്.

Summary: David Warner Hits 25th century in his 100th test in AUS vs SA, 2nd Test

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News