ആറു വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ആസ്‌ട്രേലിയ: ഐ.സി.സി കിരീടം
കിരീട നേട്ടത്തിൽ തീരെ സാധ്യത കൽപ്പിക്കപ്പെടാതിരുന്ന ടീമായിരുന്നു ആസ്ത്രേലിയ. പ്രതാപകാലത്തേക്കുള്ള തിരിച്ചുപോക്കിന്റെ സൂചന കൂടിയാണ് ഫിഞ്ചും സംഘവും നൽകിയത്.
ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം ആസ്‌ട്രേലിയ വീണ്ടും ഐ.സി.സി കിരീടം നേടിയിരിക്കുകയാണ്. കിരീട നേട്ടത്തിൽ തീരെ സാധ്യത കൽപ്പിക്കപ്പെടാതിരുന്ന ടീമായിരുന്നു ആസ്‌ട്രേലിയ. പ്രതാപകാലത്തേക്കുള്ള തിരിച്ചുപോക്കിന്റെ സൂചന കൂടിയാണ് ഫിഞ്ചും സംഘവും നൽകിയത്.
ബംഗ്ലാദേശിനോടുൾപ്പടെ തുടർച്ചയായ അഞ്ച് ടി 20 പരമ്പരകൾ തോറ്റായിരുന്നു ഓസീസ് ലോകകപ്പിനെത്തിയത്. ക്രിക്കറ്റ് നിരീക്ഷകരും വിദഗ്ധരുമെല്ലാം കിരീടം നേടാൻ സാധ്യതയുള്ള ടീമുകളുടെ പട്ടികയിൽ നിന്നും ഓസീസിനെ തുടക്കത്തിലേ ഒഴിവാക്കി. പക്ഷേ പ്രതീക്ഷയുടെ അമിതഭാരമില്ലാതെ എത്തിയ ഓസീസ് സംഘം കിരീടവും റാഞ്ചിയാണ് മടങ്ങുന്നത്. പന്തു കൊണ്ടും ബാറ്റ് കൊണ്ടും ഒന്നിനൊന്ന് മികച്ചു നിന്നു.
പതിവുകൾ തെറ്റിച്ച് കളിക്കളത്തിലും ഓസീസ് തികഞ്ഞ മാന്യത പുലർത്തി. സ്ലെഡ്ജിങ് പോലും വേണ്ടെന്നുവെച്ചു. അവർക്ക് നായകനായി സൗമ്യനായി ആരോൺ ഫിഞ്ചും. ഒരാൾ മങ്ങുമ്പോൾ മറ്റൊരാൾ മിന്നിത്തിളങ്ങുന്ന നിര. ടോസെന്ന ദുബൈയിലെ ഭൂതത്തെ ഓസീസ് മാത്രം ഭയന്നില്ല. അഞ്ച് തവണ ലോകകിരീടം ചൂടിയിട്ടുള്ള ഓസീസ് സമീപഭാവിയിൽ ലോക ക്രിക്കറ്റിൽ ഒരു വൻശക്തിയായിരുന്നില്ല. പക്ഷേ ദുബൈയിൽ നിന്ന് മടങ്ങുന്ന ഓസീസിനെ ഇനിയെല്ലാവരും ഭയക്കണം. ഒരിക്കൽ കത്തിപടർന്നതിന്റെ കനൽതരി ഈ സംഘത്തിൽ ബാക്കിയുണ്ട്. അവർ പ്രതാപകാലത്തേക്കുള്ള തിരിച്ചുപോക്കിലാണ്.
ഫൈനലിൽ ന്യൂസിലൻഡിനെ എട്ട് വിക്കറ്റിനിനാണ് കംഗാരുപ്പട തോല്‍പിച്ചത്. ആസ്ട്രേലിയയുടെ കന്നി ടി20 കിരീടമാണിത്. ടോസ് നേടി കിവീസിനെ ബാറ്റിങിനയച്ചത് മുതൽ ആസ്ട്രേലിയ കിരീടത്തിലേക്ക് ഒരു കൈ എത്തിച്ചിരുന്നു. ഫൈനൽ ചരിത്രത്തിലെ ഏറ്റവും വലിയ റൺമല കെട്ടിപ്പൊക്കിയ ന്യൂസിലൻഡിനെ നെഞ്ചുവിരിച്ച് നേരിട്ട് ഫിഞ്ചും കൂട്ടരും കിരീടവുമായി പറന്നു. ആദ്യം ബാറ്റെടുത്ത കിവീസ് നേടിയത് 172 റൺസ് . നായകൻ കെയിൻ വില്യംസൺ അവസരത്തിനൊത്ത് ഉയർന്ന് അടിച്ച് കൂട്ടിയത് 85 റൺസ്. കിരീടത്തിലേക്കുള്ള പോക്കിൽ തുടക്കം തന്നെ നായകൻ ഫിഞ്ചിനെ ഓസീസിന് നഷ്ടമായി. പക്ഷേ കളിയുടെ കടിഞ്ഞാൺ വാർണറും മാർഷും ഏറ്റെടുത്തു. രണ്ട് പേരും അർധസെഞ്ചുറി നേടിയതോടെ കംഗാരുക്കൾ വിജയമുറപ്പിച്ചു.