സ്പിൻ കുഴിയിൽ വീണ് ഇന്ത്യ; മൂന്നാം ടെസ്റ്റിൽ ഓസീസിന് ജയം
വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ആസ്‌ട്രേലിയ യോഗ്യത നേടി
ഇൻഡോർ: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ ഒമ്പതു വിക്കറ്റിന്റെ ഗംഭീര വിജയവുമായി ആസ്‌ട്രേലിയ. വിജയലക്ഷ്യമായ 76 റൺസ് ഒരു വിക്കറ്റ് നഷ്ടത്തിൽ സന്ദർശകർ മറികടന്നു. ഇന്ത്യയുടെ എട്ടു വിക്കറ്റുകൾ പിഴുത നഥാൻ ലിയോണാണ് ഓസീസിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. നാലു മത്സരങ്ങളുടെ പരമ്പര ഇതോടെ 2-1 എന്ന നിലയിൽ ഇന്ത്യ മുന്നിലെത്തി.
മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസ് തിരിച്ചടിയോടെയാണ് തുടങ്ങിയത്. രണ്ടാം പന്തിൽ തന്നെ ഓപണർ ഉസ്മാൻ ഖ്വാജയെ പൂജ്യത്തിന് പുറത്താക്കി ആർ അശ്വിനാണ് ഞെട്ടിച്ചത്. എന്നാൽ ഹെഡും ലബുഷെയ്‌നും സമ്മർദ്ദത്തെ അതിജീവിച്ചു. 53 പന്തിൽ നിന്ന് 49 റൺസാണ് ഹെഡ് അടിച്ചെടുത്തത്. ലബുഷെയ്ൻ 28 റൺസെടുത്തു.
രണ്ടാം ഇന്നിങ്‌സിൽ 163 റൺസ് മാത്രമാണ് ഇന്ത്യക്ക് നേടാനായിരുന്നത്. ചേതേശ്വർ പുജാര ഒഴിച്ചുള്ള ബാറ്റ്‌സ്മാന്മാർക്കൊന്നും സ്പിന്നിന് മേധാവിത്വമുള്ള പിച്ചിൽ പിടിച്ചുനിൽക്കാനായില്ല. 142 പന്ത് നേരിട്ട പുജായ 59 റൺസെടുത്തു. 26 റൺസെടുത്ത ശ്രേയസ് അയ്യർ, രവിചന്ദ്ര അശ്വിൻ (16), അക്‌സർ പട്ടേൽ (15) എന്നിവരാണ് മറ്റു പ്രധാന സ്‌കോറർമാർ. വിരാട് കോലി 13 ഉം രോഹിത് ശർമ്മ 12 ഉം റൺസെടുത്ത് പുറത്തായി. 23.3 ഓവറിൽ 64 റൺസ് വിട്ടുകൊടുത്താണ് ലിയോൺ എട്ടുവിക്കറ്റ് വീഴ്ത്തിയത്.
ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 109 റൺസാണ് എടുത്തിരുന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 197 റൺസ് നേടി. എന്നാൽ രണ്ടാം ഇന്നിങ്‌സിൽ കാര്യമായ മേധാവിത്വം നേടാൻ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്കായില്ല. 163 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്താകുകയായിരുന്നു. ഇതോടെ മൂന്നു ദിവസവും പത്തു വിക്കറ്റും ശേഷിക്കെ ആസ്‌ട്രേലിയയ്ക്ക് 76 റൺസ് മാത്രമായി മാറി വിജയലക്ഷ്യം.
വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ആസ്‌ട്രേലിയ ഫൈനലിലേക്ക് യോഗ്യത നേടി. മാർച്ച് ഒമ്പതിന് അഹമ്മദാബാദിലാണ് നാലാം ടെസ്റ്റ്.