ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഇംഗ്ലണ്ടിന്റെ 19ഉം ആസ്‌ട്രേലിയയുടെ 10 പോയിന്റും പോയി
അഞ്ച് ടെസ്റ്റുകളിൽ നാലിലും ഇംഗ്ലണ്ടിന്റെ ഓവര്‍ നിരക്ക് ആവശ്യപ്പെടുന്നതിനേക്കാള്‍ കുറവായിരുന്നു.
ലണ്ടന്‍: 2-2 ന് അവസാനിച്ച അഞ്ച് ടെസ്റ്റുകളടങ്ങിയ ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിനും ആസ്ട്രേലിയക്കും നഷ്ടം. ഇരു ടീമുകളുടെയും യഥാക്രമം 19, 10 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റുകള്‍ വെട്ടിക്കുറച്ചു. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് നടപടി. അഞ്ച് ടെസ്റ്റുകളിൽ നാലിലും ഇംഗ്ലണ്ടിന്റെ ഓവര്‍ നിരക്ക് ആവശ്യപ്പെടുന്നതിനേക്കാള്‍ കുറവായിരുന്നു.
എഡ്ജ്ബാസ്റ്റണിലെ ആദ്യ ടെസ്റ്റിൽ രണ്ട് ഓവറുകളും ലോർഡ്‌സിലെ രണ്ടാമത്തേതിൽ ഒമ്പതും ഓൾഡ് ട്രാഫോർഡിലെ നാലാമത്തേതിൽ മൂന്നും ഓവലിലെ അവസാന ടെസ്റ്റിൽ അഞ്ച് ഓവറുകളും പിന്നിലായിരുന്നു. ആസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം നാല് ടെസ്റ്റുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഓൾഡ് ട്രാഫോർഡിലെ അഞ്ചാം ടെസ്റ്റാണ് പണി പറ്റിച്ചത്. പത്ത് ഓവർ കുറവായിരുന്നു ഇവിടെ.
ഇതോടെ പരമ്പരയിലൂടെ ഇംഗ്ലണ്ടിന് ലഭിച്ചത് വെറും ഒമ്പത് പോയിന്റുകള്‍. ആസ്ട്രേലിയക്ക് പതിനെട്ട് പോയിന്റും. ടേബിളില്‍ ആസ്ട്രേലിയ മൂന്നാം സ്ഥാനത്താണ്. പാകിസ്താനാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ രണ്ടാമതും. വെസ്റ്റ്ഇന്‍ഡീസിനും താഴെ അഞ്ചാം സ്ഥാനത്താണ് ഇംഗ്ലണ്ട്. പാകിസ്താന് ശ്രീലങ്കയ്‌ക്കെതിരെയും ഇന്ത്യക്ക് വെസ്റ്റ്ഇൻഡീസിനെതിരെയും ആയിരുന്നു മത്സരങ്ങൾ. പുതിയ സീസണിലെ ആദ്യ മത്സരങ്ങളായിരുന്ന് ടീമുകൾക്ക്. പാകിസ്താൻ ശ്രീലങ്കയെ രണ്ട് ടെസ്റ്റുകളിലും തോൽപിച്ചിരുന്നു.
എന്നാൽ ഇന്ത്യക്ക് രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒന്നിലെ ജയിക്കാനായുള്ളൂ. രണ്ടാം മത്സരം മഴ മൂലം സമനിലയിൽ പിരിയുകയായിരുന്നു. ഇതാണ് വിൻഡീസിന് നേട്ടമായത്. അതേസമയം പോയിന്റുകൾ വെട്ടിക്കുറക്കാനുള്ള തീരുമാനത്തിനെതിരെ ആസ്‌ട്രേലിയൻ താരം ഉസ്മാൻ ഖവാജ രംഗത്ത് എത്തി. ആസ്‌ട്രേലിയക്ക് പിഴ ലഭിക്കാൻ കാരണമായ ഓൾഡ് ട്രാഫോർഡിലെ രണ്ടാം ഇന്നിങ്‌സിൽ മഴ കാരണം ബൗൾ ചെയ്യാൻ അവസരം ലഭിച്ചില്ലെന്നും എന്നിട്ടും കുറഞ്ഞ ഓവർ നിരക്ക് വന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നുമായിരുന്നു ഖവാജയുടെ ട്വീറ്റ്.