അഫ്ഗാനിസ്താന് സെമിയിൽ എത്തണോ? മുന്നിലൊരു 'ഹിമാലയൻ ടാസ്‌ക്'
ഇന്ന് ആസ്ട്രേലിയയോടും അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടും വിജയിച്ച് സെമിയുറപ്പിക്കലാണ് അഫ്ഗാന്റെ മുന്നിലുള്ള സ്വപ്നം
മുംബൈ: ക്രിക്കറ്റ് ലോകകപ്പിൽ സെമിയിലെത്താൻ ജയം അനിവാര്യമായ മത്സരത്തിൽ ആസ്ട്രേലിയ ഇന്ന് അഫ്ഗാനിസ്താനെ നേരിടും. ഏഴ് മത്സരങ്ങളിൽ അഞ്ച് വിജയവുമായി ഓസീസ് മൂന്നാമതാണ്. ഇത്രതന്നെ മത്സരങ്ങളിൽ നാല് വിജയവുമായി അഫ്ഗാൻ പോയിന്റ് ടേബിളിൽ ആറാമതുണ്ട്. മുംബൈ വാങ്കഡെയിൽ ഉച്ചക്ക് രണ്ടിനാണ് മത്സരം.
ഇന്ന് ആസ്ട്രേലിയയോടും അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടും വിജയിച്ച് സെമിയുറപ്പിക്കലാണ് അഫ്ഗാന്റെ മുന്നിലുള്ള സ്വപ്നം. അഫ്ഗാനിസ്ഥാന് ഏഴ് കളിയിൽ നിന്ന് എട്ട് പോയിന്റുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിനും പുറമെ ഫീൽഡിങ്ങിലും അവസരത്തിനൊത്ത പ്രകടനം ടീം പുറത്തെടുക്കുന്നു. അതിന്റെ തെളിവാണ് അവസാന മത്സരത്തിൽ നെതർലൻഡ്സിന്റെ നാല് താരങ്ങളെയാണ് റൺ ഔട്ടിൽ കുടുക്കിയത്.
ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോടും രണ്ടാം മത്സരത്തിൽ ഇന്ത്യയോടും പരാജയപ്പെട്ട അഫ്ഗാൻ, നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 69 റൺസിന് തോൽപ്പിച്ചാണ് ഈ ലോകകപ്പിൽ ആദ്യ ജയം നടത്തിയത്. പിന്നീട് ന്യൂസിനലാൻഡിനോട് 149 റൺസിന്റെ പരാജയമേറ്റുവാങ്ങിയെങ്കിലും പാകിസ്താനെയും ശ്രീലങ്കയെയുമൊക്കെ മറികടന്ന ആത്മവിശ്വാസം അവർക്കുണ്ട്.
ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട്, പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിൽപോയിരുന്ന ഓസീസിസ് വലിയ തിരിച്ചുവരവാണ് പിന്നീട് നടത്തിയത്. റൺവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാമതുള്ള ഡേവിഡ് വാർണർ തന്നെയാണ് ഓസീസ് ബാറ്റിങ്ങ്നിരയുടെ കരുത്ത്. അഫ്ഗാനെതിരെ മികച്ച റെക്കോഡുള്ള വാർണർ ഈ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ഓസീസ് ആരാധകരുടെ പ്രതീക്ഷ.
ഏഴ് മത്സരങ്ങളിൽ 19 വിക്കറ്റുള്ള ആഡം സാംബ ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ രണ്ടാമതാണ്. പരിക്ക് കാരണം കഴിഞ്ഞ മത്സരത്തിനിറങ്ങാൻ സാധിക്കാതിരുന്ന ഗ്ലെൻ മാക്സ്‍വെൽ തിരിച്ചുവരുമെന്നാണ് റിപ്പോർട്ടുകൾ. ഏകദിനത്തിൽ മൂന്ന് തവണ അഫ്ഗാനും ആസ്ട്രേലിയയും നേർക്കുനേർ വന്നപ്പോൾ മൂന്നിലും വിജയം ഓസീസിനൊപ്പമായിരുന്നു.
അതിൽ രണ്ടും ലോകകപ്പിലായിരുന്നു. ഈ ലോകകപ്പിൽ 399, 382, 357 എന്നീ ആദ്യ ഇന്നിങ്ങ്സ് സ്‌കോറുകൾ പിറന്ന മുംബൈയിലെ പിച്ചിൽ ഇന്നും റൺ ഒഴുകാൻ തന്നെയാണ് സാധ്യത. അതില്‍ അഫ്ഗാന് പിടിച്ചുനില്‍ക്കുമോ, അതോ അവരുടെ സ്പിന്നര്‍മാര്‍ കംഗാരുക്കളെ വീഴ്ത്തുമോ? കാത്തിരിക്കാം...