ഞെട്ടിച്ച് ഷമി: അവസാന ഓവറിൽ നാല് വിക്കറ്റുകൾ: തകർപ്പൻ ജയവുമായി ഇന്ത്യ

അവസാന ഓവറില്‍ ഒരു റണ്ണൗട്ട് ഉള്‍പ്പടെ തുടരെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനാണ് ഇന്ത്യക്ക് ജയമൊരുക്കിയത്

Update: 2022-10-17 09:43 GMT
Editor : rishad | By : Web Desk
Advertising

ബ്രിസ്ബെയിന്‍: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ആസ്ട്രേലിയക്കെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. അവസാന ഓവറില്‍ ഒരു റണ്ണൗട്ട് ഉള്‍പ്പടെ തുടരെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ആറ് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 186 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുക്കാനേ ഓസീസിനു സാധിച്ചുള്ളൂ. ആസ്‌ട്രേലിയയുടെ അവസാന 7 ബാറ്റേഴ്‌സും മടങ്ങിയത് സ്‌കോര്‍ രണ്ടക്കം കടത്താനാവാതെ. 54 പന്തില്‍ നിന്ന് 76 റണ്‍സ് എടുത്ത ആരോണ്‍ ഫിഞ്ച് ആണ് ആസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. 7 ഫോറും മൂന്ന് സിക്‌സും ഓസീസ് ക്യാപ്റ്റന്റെ ബാറ്റില്‍ നിന്ന് വന്നു.

മിച്ചല്‍ മാര്‍ഷ് 18 പന്തില്‍ നിന്ന് 35 റണ്‍സ് എടുത്തു. എന്നാല്‍ പിന്നെ വന്ന ഓസീസ് ബാറ്റേഴ്‌സിന് കാര്യമായൊന്നും ചെയ്യാനായില്ല. സ്റ്റീവ് സ്മിത്ത് 11 റണ്‍സും മാക്‌സ്‌വെല്‍ 23 റണ്‍സും എടുത്ത് മടങ്ങി. മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറാണു കളിയുടെ ഗതി മാറ്റിയത്. ജയിക്കാൻ 11 റൺസാണ് ഈ ഓവറിൽ ഓസ്ട്രേലിയയ്ക്ക് ആവശ്യമുണ്ടായിരുന്നത്.ജോഷ് ഇംഗ്ലിസ്, പാറ്റ് കമ്മിൻസ്, ആഷ്ടൻ ആഗർ, കെയ്ൻ റിച്ചഡ്സൻ എന്നിവരെയാണ് ഷമി പുറത്താക്കിയത്. ഒരൊറ്റ ഓവര്‍ മാത്രമാണ് ഷമി എറിഞ്ഞത്.

ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റും അര്‍ഷ്ദീപ് സിങ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ 57(33), സൂര്യകുമാര്‍ യാദവ് 50(33) എന്നിവരുടെ മികവില്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് ഇന്ത്യ നേടിയത്. ആറ് ഫോറും മൂന്ന് സിക്സുമായി രാഹുല്‍ തകര്‍ത്തടിച്ചപ്പോള്‍ തകര്‍പ്പന്‍ ഫോം തുടരുന്ന സൂര്യകുമാര്‍ യാദവിന്റെ ബാറ്റില്‍ നിന്ന് ആറ് ഫോറുകളും ഒരു സിക്സും പിറന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News