ആവേശ് ഖാനോട് യുഎഇയിൽ തുടരാൻ ആവശ്യപ്പെട്ട് ബിസിസിഐ; ഇന്ത്യൻ ടീമിനൊപ്പം ചേരും
പർപ്പിൾ ക്യാപ്പ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് താരം.
ഈ ഐപിഎല്ലിന്റെ കണ്ടെത്തെലായി മാറുകയാണ് ഡൽഹി ക്യാപിറ്റൽസിന്റെ അതിവേഗ ബോളർ ആവേശ് ഖാൻ. ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നെറ്റ് ബോളറായായി ആവേശ് ഖാൻ ചേരും. ഇതിന്റെ ഭാഗമായി ഐപിഎല്ലിന് ശേഷം യുഎഇയിൽ തന്നെ തുടരാൻ ആവേശിനോട് ബിസിസിഐ ആവശ്യപ്പെട്ടു.
നിലവിൽ നെറ്റ് ബോളറായാണ് ടീമിനൊപ്പം ചേരുന്നതെങ്കിലും സാഹചര്യങ്ങൾ മാറിയാൽ ആവേശിന് ഇന്ത്യൻ ടീമിൽ അരങ്ങേറാനുള്ള അവസരം ലഭിക്കാനും സാധ്യതയുണ്ട്.
ഐപിഎല്ലിൽ പോയിന്റ് പട്ടികയിൽ ഡൽഹി ഒന്നാം സ്ഥാനത്ത് എത്തുന്നതിൽ വലിയൊരു പങ്ക് വഹിച്ചത് ആവേശ് ഖാനാണ്. 15 മത്സരങ്ങളിൽ നിന്ന് 8.14 എക്കണോമിയിൽ 23 വിക്കറ്റ് ആവേശ് ഖാൻ വീഴ്ത്തിയിട്ടുണ്ട്. പർപ്പിൾ ക്യാപ്പ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് താരം.
നേരത്തെ മലയാളി താരം സഞ്ജു സാംസണിനോട് യുഎഇയിൽ തുടരാൻ ബിസിസിഐ ആവശ്യപ്പെട്ടതായി വാർത്തകൾ വന്നിരുന്നെങ്കിലും ബിസിസിഐ വാർത്ത തള്ളി. ലോകകപ്പിൽ ഒക്ടോബർ 24ന് പാകിസ്ഥാനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.