അക്‌സർ ആഞ്ഞുപിടിച്ചെങ്കിലും കഴിഞ്ഞില്ല; ഡൽഹി വീണ്ടും തോറ്റു, ഹൈദരാബാദിന്റെ ജയം ഒമ്പത് റണ്‍സിന്

എട്ട് മത്സരങ്ങളിൽ നിന്നും ഡൽഹിയുടെ ആറാം തോൽവിയാണിത്.

Update: 2023-04-29 18:05 GMT
Editor : rishad | By : Web Desk

മനീഷ് പാണ്ഡെയുടെ വിക്കറ്റ് ആഘോഷിക്കുന്ന ഹൈദരാബാദ് ടീം

Advertising

ഡൽഹി: തോറ്റ് തോറ്റ് മടുത്ത ഡൽഹി വിജയവഴിയിൽ എത്തിയെങ്കിലും വീണ്ടും തോറ്റു. സൺറൈസേഴ്‌സ് ഹൈദരാബാദാണ് ഡല്‍ഹിയെ തോല്‍പിച്ചത്.  ഒമ്പത് റൺസിനായിരുന്നു ഹൈദരാബാദിന്റെ വിജയം. മികച്ച ഫോം തുടരുന്ന അക്‌സർ പട്ടേൽ അവസാനത്തിൽ ശ്രമിച്ചുവെങ്കിലും ഭുവനേശ്വർ കുമാർ തന്റെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തുകയായിരുന്നു.

സ്‌കോർബോർഡ് ചുരുക്കത്തിൽ: ഹൈദരാബാദ്: 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 197. ഡൽഹി കാപിറ്റൽസ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 188.

ഫിലിപ്പ് സാൾട്ട്(59) മിച്ചൽ മാർഷ്(63) എന്നിവരിലൂടെ ഡൽഹി തിരിച്ചടിച്ചെങ്കിലും മധ്യനിരയിൽ നിന്നും വാലറ്റത്ത് നിന്നും കാര്യമായ സംഭാവന കിട്ടാതായതോടെയാണ് റൺറേറ്റ് ഉയർന്നതും വിജയലക്ഷ്യം അകന്നതും. സാള്‍ട്ടും മാര്‍ഷും ക്രീസിലുണ്ടായിരുന്നപ്പോള്‍ ഡല്‍ഹി ക്യാമ്പില്‍ ചിരി പ്രകടമായിരുന്നു. എന്നാല്‍ ഇരുവരും പുറത്തായതും മനീഷ് പാണ്ഡെ അടക്കമുള്ള മധ്യനിര പരാജയപ്പെട്ടതും ഡല്‍ഹിയെ നിരാശരാക്കി. നായകൻ ഡേവിഡ് വാർണർ പൂജ്യത്തിന് പുറത്തായി. ഹൈദരാബാദിന് വേണ്ടി മായങ്ക് മാർക്കണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് വേണ്ടി ഓപ്പണർ അഭിഷേക് ശർമ്മ 67 റൺസടുത്ത് ടോപ് സ്‌കോററായി. ദക്ഷിണാഫ്രിക്കൻ താരം ഹെന്റിച്ച് ക്ലാസന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഹൈദരാബാദിന്റെ സ്‌കോർ 190 കടത്തിയത്. 27 പന്തില്‍  നിന്ന് 53 റണ്‍സാണ് ക്ലാസന്‍ വേഗത്തില്‍ നേടിയത്. താരത്തെ പുറത്താക്കാനും കഴിഞ്ഞില്ല. എട്ട് മത്സരങ്ങളിൽ നിന്നും ഡൽഹിയുടെ ആറാം തോൽവിയാണിത്.

എട്ട് മത്സരങ്ങളിൽ നിന്നും ഹൈദരാബാദിന്റെ മൂന്നാം ജയം. എട്ടാം സ്ഥാനത്താണ് ഹൈദരാബാദ്. 12 പോയിന്റുള്ള ഗുജറാത്ത് ടൈറ്റൻസാണ് ഒന്നാം സ്ഥാനത്ത്. രാജസ്ഥാൻ റോയൽസ് പത്ത് പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News