സിറാജ് ബ്രില്യൻസ്; വിക്കറ്റ് തെറിപ്പിച്ച പന്ത് മനസ്സിലാകാതെ കുഴങ്ങി പാക് ക്യാപ്റ്റൻ
ഇന്ത്യക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 42.5 ഓവറിൽ 191 റൺസാണ് നേടിയത്.
അഹമ്മദാബാദ്: ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ സിറാജിന്റെ പന്തിൽ വിക്കറ്റ് തെറിച്ചത് മനസ്സിലാകാതെ നിന്ന് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം. അർധ സെഞ്ചുറി പൂർത്തിയായതിന് പിന്നാലെ ബോൾഡായപ്പോഴാണ് പുറത്തായതിന്റെ ഞെട്ടലിൽ ബാബർ കുറച്ചുനേരം ആശയക്കുഴപ്പത്തിലായത്. സിറാജിന്റെ പന്ത് തേർഡ് മാനിലേക്ക് അയക്കാനുള്ള ശ്രമത്തിനിടെ താഴ്ന്നുവന്ന പന്ത് ബാബറിന്റെ ബാറ്റിൽ തൊടാതെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.
കുറച്ചുനേരം ക്രീസിൽനിന്ന ബാബർ നിരാശയോടെ ഗ്രൗണ്ട് വിട്ടു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 42.5 ഓവറിൽ 191 റൺസാണ് നേടിയത്. പാക് നിരയിൽ ടോപ് സ്‌കോററും ബാബർ അസം തന്നെയാണ്.
ഇന്ത്യക്കായി ജസ്പ്രീത് ബുംറ ഏഴ് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, ഹർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.