'ഞാനാണ് ക്യാപ്റ്റൻ, എന്നോട് ചോദിക്കാണ്ട്': അതൃപ്തി പ്രകടമാക്കി ബാബർ, വീഡിയോ വൈറൽ

സമ്മതമില്ലാതെ ഫീൽഡ് അമ്പയർ മൂന്നാം അമ്പയറോട് റിവ്യൂ തേടിയതാണ് പാക് നായകനെ ചൊടിപ്പിച്ചത്

Update: 2022-09-10 04:57 GMT
Editor : rishad | By : Web Desk
Advertising

ദുബൈ: ഫൈനലിന് മുമ്പുള്ള 'പരിശീലന മത്സരം' എന്ന നിലക്കായിരുന്നു ഏഷ്യാകപ്പ് സൂപ്പർഫോറിലെ പാകിസ്താൻ-ശ്രീലങ്ക പോര്. മത്സരത്തിൽ ശ്രീലങ്ക അഞ്ച് വിക്കറ്റിന് വിജയിക്കുകയും ചെയ്തു. എന്നാൽ പാകിസ്താൻ നായകൻ ബാബർ അസമും അമ്പയറും തമ്മിലെ ചെറിയൊരു ചാറ്റാണ് കളത്തിന് പുറത്ത് വൈറലായത്. പതിനാറാം ഓവറിലാണ് സംഭവം. സമ്മതമില്ലാതെ ഫീൽഡ് അമ്പയർ മൂന്നാം അമ്പയറോട് റിവ്യൂ തേടിയതാണ് പാക് നായകനെ ചൊടിപ്പിച്ചത്.

പന്ത് എറിയുന്നത് ഹസൻ അലി. നേരിടുന്നത് നിസങ്ക. ഹസൻ അലിയുടെ പന്ത്, ബീറ്റ് ചെയ്ത് നേരെ പോയത് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാന്റെ കൈകളിലേക്ക്. പന്ത് ബാറ്റിലുരുമ്മിയെന്ന വിശ്വാസത്തിൽ വിക്കറ്റ് കീപ്പര്‍ അപ്പീൽ ചെയ്തു. എന്നാൽ നോട്ട് ഔട്ട് എന്ന തന്റെ കോളിൽ അമ്പയർ ഉറച്ചുനിന്നു. പന്ത് ബാറ്റിലുരുമ്മിയോ എന്ന് സഹകളിക്കാരോട് ആരായാൻ ബാബർ അസം വന്നു. ഇതേസമയം അമ്പയർ തീരുമാനം മൂന്നാം അമ്പയർക്ക് വിട്ടു. പാക് നായകൻ ആവശ്യപ്പെടാതെയാണ് അമ്പയർ തീരുമാനം മൂന്നാം അമ്പയർക്ക് വിട്ടത്. ഇതിലെ നീരസം ബാബർ പരസ്യമായി തന്നെ പ്രകടമാക്കി.

ഞാനാണ് നായകന്‍ എന്ന് അമ്പയറോട് ബാബർ പറയുന്നത് വീഡിയോയിൽ വ്യക്തം. തുടർന്ന് തീരുമാനം പരിശോധിച്ചെങ്കിലും പാകിസ്താന് നിരാശയായിരുന്നു ഫലം. ബാറ്റും പന്തും തമ്മിൽ വലിയ വ്യത്യാസം ഉണ്ടായിരുന്നു. പതും നിസങ്കയെ പുറത്താക്കാനുമായില്ല. മത്സരം ശ്രീലങ്ക ജയിക്കുമ്പോൽ 55 റൺസുമായി നിസങ്ക ക്രീസിലുണ്ടായിരുന്നു. നിസങ്കയാണ് ടോപ് സ്‌കോറർ. ഭനുക രജപക്‌സൈ(24) നായകൻ ദസുൻ ശനക(21) എന്നിവർ പിന്തുണകൊടുത്തു. ടോസ് നേടിയ ലങ്ക, പതിവ് പോലെ എതിർ ടീമിനെ ബാറ്റിങിന് വിടുകയായിരുന്നു. ശ്രീലങ്കൻ പന്തേറുകാർ ഉഗ്രഫോം പുറത്തെടുത്തപ്പോൾ പാകിസ്താന്റെ ഇന്നിങ്‌സ് 19.1 ഓവറിൽ 121 റൺസിന് അവസാനിച്ചു.

നായകൻ ബാബർ അസം(30) ആണ് പാകിസ്താന്റെ ടോപ് സ്‌കോറർ. ബാക്കിയുള്ളവർക്കൊന്നും കാര്യമായി തിളങ്ങാനായില്ല. മൂന്ന് പേർക്ക് അക്കൗണ്ട് പോലും തുറക്കാനായില്ല. മികച്ച ഫോമിലുള്ള റിസ്‌വാന് 14 റൺസ് മാത്രമെ നേടാനായുള്ളൂ. ലങ്കയ്ക്കായി വാനിഡു ഹസരങ്ക മൂന്നും തീക്ഷ്ണ, പ്രമോദ് മധുശൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഞായറാഴ്ചയാണ് ഫൈനൽ. 

Watch Video

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News