കോഹ്‌ലിയുമായി താരതമ്യം ചെയ്യുന്നത് നിർത്തൂ... ഞാൻ അദ്ദേഹത്തെ കണ്ടാണ് പഠിച്ചത്: ബാബർ അസം
ശീലങ്കയിലെ പല്ലെക്കീലിൽ വൈകിട്ട് മൂന്ന് മണിക്കാണ് ഇന്ത്യ- പാക് പോരാട്ടം
ഏഷ്യകപ്പിൽ ഇന്ത്യ ഇന്ന് തങ്ങളുടെ ചിരവൈരികളായ പാകിസ്താനെ നേരിടാനിരിക്കുകയാണ്. 2019 ലോകകപ്പിന് ശേഷം ആദ്യമായാണ് ഇന്ത്യ, പാകിസ്താനുമായി ഏകദിനം കളിക്കുന്നത്. അതുകൊണ്ടു തന്നെ മത്സരത്തിന് പ്രാധാന്യമേറെയാണ്. ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ 238 റൺസിന്റെ ആധിപത്യം നേടിയതിന്റെ ആത്മാവിശ്വാസത്തിലാണ് പാക് ടീം ഇറങ്ങുന്നത്. ഇപ്പോഴിതാ മത്സരത്തിന് മണിക്കൂറുകൾ ശേഷിക്കെ പാക് താരം ബാബർ അസമും ഇന്ത്യൻ താരം വിരാട് കോഹ്‌ലിയെയും താരതമ്യം ചെയ്താണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ഏറ്റുമുട്ടൽ. ആരാധകരുടെ ഈ ഏറ്റുമുട്ടലിനെകുറിച്ച് ബാബറിന്റെ മറുപടിയാണ് ഇപ്പോൾ വൈറല്‍. എന്നെ കോഹ്‌ലിയുമായി താരതമ്യം ചെയ്യരുത്. എന്നേക്കാൾ മുതിർന്ന ക്രിക്കറ്ററാണ് അദ്ദേഹം. ഞാൻ അദ്ദേഹത്തെ കണ്ടാണ് പഠിക്കുന്നതെന്നാണ് ബാബർ അസം പറഞ്ഞത്.
''ആരാധകരുടെ ഫാൻ ഫൈറ്റിനെ കുറിച്ച് ഞാൻ മറുപടി പറയുന്നില്ല, എല്ലാവർക്കും അവരുടെ വീക്ഷണമുണ്ട്. പക്ഷേ വിരാട് എന്നേക്കാൾ മുതിർന്ന ക്രിക്കറ്ററാണ്. അദ്ദേഹവുമായി ഒരിക്കലും എന്നെ താരതമ്യം ചെയ്യരുത്. ഞാൻ അദ്ദേഹത്തിൽ നിന്നാണ് പല കാര്യങ്ങളും പഠിക്കുന്നത്. എന്റെ കരിയറിന്റെ തുടക്കം മുതൽ അദ്ദേഹത്തെ ശ്രദ്ധിക്കുമായിരുന്നു. അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിച്ചു. അത് എന്നെ വലിയ അളവിൽ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യ മാത്രമല്ല, എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള താരങ്ങളും തമ്മിൽ പരസ്പര ധാരണയുണ്ടാക്കുന്നത് നല്ലതാണ്.'' ബാബർ പറഞ്ഞു.
കോഹ്‌ലി സ്ഥിരതയോടെ കളിക്കുന്ന താരമാണ്. അദ്ദേഹം കളിക്കുന്നത് ഞാൻ ആസ്വദിച്ചിട്ടുമുണ്ട്. എന്നോടുള്ള അദ്ദേഹത്തിന്റെ മനോഭാവം ഒരിക്കൽ പോലും മാറിയിട്ടില്ല. കോഹ്‌ലിയെ പോലെയുള്ള താരങ്ങളെ വളർന്നുവരുന്ന തലമുറയെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. എല്ലാ ഫോർമാറ്റുകളിലും അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററാണെന്നും ബാബർ കൂട്ടിച്ചേർത്തു.
ഇന്ത്യ- പാക് പോരാട്ടം ശീലങ്കയിലെ പല്ലെക്കീലിൽ വൈകിട്ട് മൂന്ന് മണിക്കാണ്. രോഹിതിനും കോഹ്ലിക്കും സൂര്യകുമാറിനും പുറമെ പരിക്ക് മാറി തിരിച്ചെത്തിയ ശ്രേയസ് അയ്യരും പ്ലെയിങ് ഇലവനിൽ വന്നേക്കാം. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് സഖ്യത്തിൻറെ പേസ് ബോളിങ് മൂർച്ച ഇന്ന് പരീക്ഷിക്കപ്പെടും. ബാറ്റിങ്ങാണ് ബാബർ അസമിൻറെയും സംഘത്തിൻറെയും കരുത്ത്. മുഹമ്മദ് റിസ്വാൻറെ ഫോമും തുണയാകും. ഷാഹിൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, പേസ് ത്രയത്തെ മറകടക്കുകയാണ് ഇന്ത്യയുടെ വെല്ലുവിളി. ഏകദിനത്തിലെ മേൽക്കൈയും അവസാനത്തെ കളികളിലെ വിജയവും ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നു. മത്സരത്തിന് മഴ വില്ലനായേക്കുമെന്ന ആശങ്കയുണ്ട്.