ശാക്കിബ് സ്റ്റമ്പ് ചവിട്ടിത്തെറിച്ചപ്പോൾ 'സാക്ഷിയായ' അമ്പയർ കരിയർ അവസാനിപ്പിച്ചു
ധാക്ക പ്രീമിയര്‍ ലീഗില്‍ അടുത്തിടെയുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് അമ്പയറിങ് കരിയര്‍ അവസാനിപ്പിക്കുന്നതായി മോനിറുസമാന്‍.
ധാക്ക പ്രീമിയര്‍ ലീഗില്‍ അടുത്തിടെയുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് അമ്പയറിങ് കരിയര്‍ അവസാനിപ്പിക്കുന്നതായി മോനിറുസമാന്‍. ബംഗ്ലാദേശിന്റെ ഐ സി സി എമേര്‍ജിങ്ങ് പാനലില്‍ മോര്‍ഷദ് അലി ഖാനോടൊപ്പം അംഗമായ മോനിറുസ്സമാന്‍ എലൈറ്റ് പാനലില്‍ സ്ഥാനം പിടിക്കുവാന്‍ സാധ്യതയുള്ള അമ്പയറായിരുന്നു.
കഴിഞ്ഞ ദിവസം ടൂര്‍ണമെന്റിലെ ഒരു മത്സരത്തിനിടെ ബംഗ്ലാദേശ് താരം മഹ്മൂദുള്ളയാണ് അവസാനമായി അമ്പയറുടെ തീരുമാനത്തിനെതിരെ മോശം പെരുമാറ്റം പുറത്തെടുത്തത്. ഈ മത്സരത്തില്‍ മോനിറുസ്സമാന്‍ ടിവി അമ്പയര്‍ ആയിരുന്നു. അമ്പയറുടെ തീരുമാനത്തിനെതിരെ മഹമദുള്ള ഗ്രൗണ്ടില്‍ കിടന്ന് മത്സരവുമായി സഹകരിക്കാതെ പ്രതിഷേധിക്കുകയാണ് ചെയ്തത്.
താരത്തിന് പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോനിറുസ്സമാന്റെ തീരുമാനം. മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിലുള്ള മത്സരത്തിനിടെയാണ് മുഹമ്മദന്‍സ് താരമായ ഷാക്കിബ് എല്‍ബിഡബ്ല്യു അപ്പീലിനുശേഷം നിയന്ത്രണംവിട്ട് പെരുമാറിയിരുന്നത്.
അബഹാനിയുടെ താരമായ മുഷ്ഫിഖുര്‍ റഹീമിനെതിരെ പന്തെറിയുകയായിരുന്ന ഷാക്കിബ് എല്‍.ബി.ഡബ്ല്യൂ.വിന് അപ്പീല്‍ ചെയ്തു. എന്നാല്‍ അംപയര്‍ ഔട്ട് നല്‍കിയില്ല. തൊട്ടടുത്ത നിമിഷം ഷാക്കിബ് ദേഷ്യത്തോടെ നോണ്‍സ്ട്രൈക്കിംഗ് എന്‍ഡിലെ സ്റ്റംപ് കാലുകൊണ്ടു തട്ടിത്തെറിപ്പിക്കുകയായിരുന്നു. ആ സമയത്ത് മൊനീറുസമാന്‍ ഫീല്‍ഡ് അമ്പയറായിരുന്നു.
തനിക്കും ആത്മാഭിമാനമുണ്ടെന്നും അതുമായി ജീവിക്കുവാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞ അമ്പയര്‍ ഷാക്കിബിന്റെയും മഹമദുള്ളയുടെയും പെരുമാറ്റമാണ് തന്റെ തീരുമാനത്തിന് പിന്നിലെന്നും വ്യക്തമാക്കി.