അക്കൗണ്ട് തുറക്കും മുമ്പെ ആദ്യ വിക്കറ്റ് വീഴ്ത്തി ഇന്ത്യ: ബംഗ്ലാദേശ് വിയർക്കുന്നു
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 404 റൺസിന് അവസാനിച്ചു
ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 404 റൺസിന് അവസാനിച്ചു. മറുപടി ബാറ്റിങിൽ അഞ്ച് ഓവർ പിന്നിടുമ്പോൾ ബംഗ്ലാദേശ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ എട്ട് റൺസെന്ന നിലയിലാണ്. അക്കൗണ്ട് തുറക്കും മുമ്പെ ബംഗ്ലാദേശിന്റെ ആദ്യ വിക്കറ്റ് സിറാജ് വീഴ്ത്തി. നജ്മുല്‍ ഹുസൈനാണ് പൂജ്യത്തിന് പുറത്തായത്. തൊട്ടുപിന്നാലെ യാസിർ അലിയും പുറത്ത്. നാല് റണ്‍സാണ് യാസിര്‍ നേടിയത്. ഉമേഷിനായിരുന്നു വിക്കറ്റ്. അഞ്ചിന് രണ്ട് എന്ന നിലയിൽ നീറുകയാണ് കടുവകൾ.
ആറിന് 278 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടർന്ന ഇന്ത്യക്ക് വാലറ്റത്ത് നിന്ന് വൻ പിന്തുണയാണ് ലഭിച്ചത്. സ്പിന്നർമാരായ രവിചന്ദ്ര അശ്വിനും കുൽദീപ് യാദവും ചേർന്ന് ടീമിനെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. അശ്വിൻ 58 റൺസ് നേടിയപ്പോൾ കുൽദീപ് യാദവ് 40 റൺസ് നേടി. ആദ്യ ദിനത്തിൽ 82 റൺസുമായി ക്രീസിലുണ്ടായിരുന്ന ശ്രേയസ് അയ്യർക്ക് രണ്ടാം ദിനം പിഴച്ചു. നാല് റൺസ് മാത്രമാണ് അയ്യർക്ക് കൂട്ടിച്ചേർക്കാനായത്. ഇബാദത്ത് ഹുസൈനാണ് അയ്യരെ പറഞ്ഞയച്ചത്. പിന്നാലെയായിരുന്നു അശ്വിൻ-കുൽദീപ് യാദവ് കൂട്ടുകെട്ട് പിറന്നത്.
92 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കെട്ടിപ്പൊക്കിയത്. അശ്വിനെ പറഞ്ഞയച്ച് മെഹദി ഹസൻ മിറാസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഉമേഷ് യാദവ്(15) മുഹമ്മദ് സിറാജ്(4) എന്നിവർ എളുപ്പത്തിൽ മടങ്ങിയതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 404ൽ അവസാനിച്ചു. ബംഗ്ലാദേശിനായി തൈജുൽ ഇസ്ലാം, മെഹദി ഹസൻ മിറാസ് എന്നിവർ നാല് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ഏകദിന പരമ്പര ഇന്ത്യ തോറ്റിരുന്നു. അതിനാൽ ടെസ്റ്റിൽ വിജയം അനിവാര്യമാണ്. അല്ലെങ്കിൽ ബംഗ്ലാദേശിൽ ടെസ്റ്റ്-ഏകദിന പരമ്പരകൾ ആദ്യമായി അടിയറവ് വെക്കേണ്ടിവരും.