ബംഗ്ലാ വീര്യം; ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് ഒരു വിക്കറ്റ് ജയം
ഒമ്പത് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിന് മെഹിദി ഹസൻ മിറാസിന്റെയും മുസ്തഫിസുർ റഹ്മാന്റെയും മികച്ച കൂട്ടുകെട്ടാണ് തുണയായത്
ധാക്ക: ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 186 റൺസിന് ഇന്ത്യയെ എറിഞ്ഞൊതുക്കിയ ബംഗ്ലാദേശ് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. പത്താം വിക്കറ്റിൽ മെഹ്ദി ഹസൻ - മുസ്തഫിസുർ റഹ്മാൻ സഖ്യത്തിന്റ 51 റൺസ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിന് വിജയം സമ്മാനിച്ചത്. മെഹ്ദി ഹസൻ 38 റൺസാണെടുത്തത്. 73 റൺസെടുത്ത കെ എൽ രാഹുൽ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.
ബംഗ്ലാദേശിനായി ഷാക്കിബ് അൽ ഹസൻ അഞ്ച് വിക്കറ്റ് വീഴ്ത്തി. 41 റൺസെടുത്ത ക്യാപ്റ്റൻ ലിട്ടൻ ദാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. നജ്മുൽ ഹുസൈൻ (പൂജ്യം), അനാമുൽ ഹഖ് (14), ഷാകിബ് അൽ ഹസൻ (29), മുഷ്ഫിഖു റഹീം (18) മഹ്മൂദുല്ല (14), അഫിഫ് ഹുസൈൻ (ആറ്), ഇബാദത്ത് ഹുസൈൻ (പൂജ്യം), ഹസൻ മഹ്മൂദ് (പൂജ്യം) എന്നിങ്ങനെയായിരുന്നു മറ്റു ബംഗ്ലാദേശ് ബാറ്റർമാരുടെ സകോർ നില.
ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റെടുത്തപ്പോൾ കുൽദീപ് സെൻ, വാഷിങ്ടൺ സുന്ദർ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ഷാർദുൽ താക്കൂർ, ദീപക് ചാഹർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ലിട്ടൺ ദാസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യൻ ടീമിന്റെ ഓപ്പണർമാരായി ഇറങ്ങിയ രോഹിത് 31 പന്തിൽ 27 റൺസും ശിഖർ ധവാൻ 17 പന്തിൽ ഏഴ് റൺസുമെടുത്ത് പുറത്തായി. രോഹിതിനെ ശാകിബുൽ ഹസനും ധവാനെ മെഹ്ദി ഹസനും ബൗൾഡാക്കുകയായിരുന്നു. വൺഡൗണായെത്തിയ കോഹ്ലി 15 പന്തിൽ ഒമ്പത് റൺസ് മാത്രം നേടി മടങ്ങി. ശാകിബിന്റെ തന്നെ പന്തിൽ ലിറ്റൺ ദാസിന് ക്യാച്ച് നൽകിയായിരുന്നു മടക്കം.
നാലാമതിറങ്ങിയ ശ്രേയസ് അയ്യർ 39 പന്തിൽ 24 റൺസ് നേടി പുറത്തായി. സുന്ദർ 43 പന്തിൽ 19 റൺസാണ് നേടിയത്. ശാകിബിന്റെ പന്തിൽ ഇബാദത്ത് ഹുസൈൻ പിടിച്ചതോടെയാണ് താരം മടങ്ങിയത്. ഷഹബാസ് അഹമദിനെ ഇബാദത്ത് ഹൊസൈന്റെ പന്തിൽ ശാകിബ് പിടികൂടി. 33ാം ഓവറിൽ 152ന് നാല് എന്ന നിലയിൽ നിന്ന് 35ാം ഓവറിൽ 156ന് എട്ട് എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി.
രണ്ടാം ഏകദിനവും ഇതേ വേദിയിൽ ഡിസംബർ ഏഴിന് നടക്കും. മൂന്നാം മത്സരം ഡിസംബർ പത്തിന് ചത്തോഗ്രാമിൽ നടക്കും. രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഡിസംബർ 14ന് തുടങ്ങും. രണ്ടാം ടെസ്റ്റ് ഡിസംബർ 19നും തുടങ്ങും. നിറംമങ്ങിയ പ്രകടനം നടത്തുന്ന റിഷബ് പന്ത് കളിക്കുന്ന പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണില്ല.
ഏകദിന പരമ്പരയിലെ ഇന്ത്യൻ ടീം അംഗങ്ങൾ:
രോഹിത് ശർമ്മ(C), ശിഖർ ധവാൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, ഷാർദുൽ താക്കൂർ, ദീപക് ചാഹർ, മുഹമ്മദ് സിറാജ്, കുൽദീപ് സെൻ