കത്തിക്കയറി ക്യാപ്റ്റൻ; ബാംഗ്ലൂരിന് മികച്ച സ്‌കോർ
അവസാന ഓവറില്‍ ഹൈദരാബാദ് ബൗളർ ഫസല്‍ ഫാറൂഖിയെ മൂന്ന് സിക്സും ഒരു ഫോറും പറത്തി ദിനേശ് കാര്‍ത്തിക്ക് മനോഹരമായാണ് ബാംഗ്ലൂര്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചത്
മുംബൈ: അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിന്‍റെ തകർപ്പൻ പ്രകടനത്തിന്‍റെ മികവിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് മികച്ച സ്‌കോർ. നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ബാംഗ്ലൂർ 192 റൺസ് എടുത്തു. ഡുപ്ലെസിസ് 50 പന്തിൽ നിന്ന് രണ്ട് സിക്‌സുകളുടേയും എട്ട് ഫോറുകളുടേയും അകമ്പടിയിൽ 73 റൺസെടുത്തു പുറത്താവാതെ നിന്നു.
ഡുപ്ലെസിന് പുറമെ രജത് ബാട്യയും അവസാന ഓവറുകളിൽ ഗ്ലെൻ മാക്‌സ് വെല്ലും ദിനേശ് കാര്‍ത്തിക്കും ബാംഗ്ലൂരിനായി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. രജത് ബാട്യ 38 പന്തിൽ നിന്ന് 48 റൺസെടുത്ത് പുറത്തായി. അർധസെഞ്ച്വറിക്ക് രണ്ട് റൺസ് അകലെ ജഗ്തീഷ് സുജിത്താണ് പട്ടീദാറിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയത്. അവസാന ഓവറില്‍ ഹൈദരാബാദ് ബൌളര്‍ ഫസല്‍ ഫാറൂഖിയെ മൂന്ന് സിക്സും ഒരു ഫോറും പറത്തി ദിനേശ് കാര്‍ത്തിക്ക് മനോഹരമായാണ് ബാംഗ്ലൂര്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. കാര്‍ത്തിക്ക് വെറും എട്ട് പന്തില്‍ നിന്ന് 30 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു. ഹൈദരാബാദിനായി ജഗ്തീഷ് സുജിത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.
മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായി മൈതാനത്തെത്തിയത് ടീമിന്‍റെ മുൻനായകനും നിലവിലെ നായകനും. എന്നാൽ ആരാധകരെ ഞെട്ടിച്ച് ഒരിക്കല്‍ കൂടി കോഹ്‍ലി ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ റണ്ണൊന്നുമെടുക്കാതെ വിക്കറ്റിന് മുന്നിൽ കുടുങ്ങി. ഇന്നിംഗ്സിലെ ആദ്യ പന്തിലാണ് താരം സംപൂജ്യനായി മടങ്ങിയത്. ഒന്നാം ഓവർ എറിയാനെത്തിയ ജഗ്തീഷ സുജിത്തിന്റെ പന്തിൽ കെയിൻ വില്യംസണ് ക്യാച്ച് നൽകിയാണ് താരത്തിന്‍റെ മടക്കം. ഈ സീസണിൽ ഇത് മൂന്നാം തവണയാണ് കോഹ്‍ലി ഗോൾഡൻ ഡക്കാവുന്നത്.
എന്നാല്‍ കോഹ്‍ലി പുറത്തായതിന് ശേഷം ക്രീസിലെത്തിയ പട്ടീദാറും ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസും ചേര്‍ന്ന് ടീം സ്കോര്‍ അതിവേഗം ചലിപ്പിച്ചു. സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതിന് ശേഷമാണ് ഈ ജോഡി പിരിഞ്ഞത്. ടീം സ്കോര്‍ 105 ല്‍ നില്‍ക്കെ ജഗ്തീഷാണ് പട്ടീദാറിനെ പുറത്താക്കിയത്.